പൃഥ്വിയും ദുർഖറും ടൊവിനോയും മുഖത്ത് നോക്കി പറയും, ആരാധകരെ വിട്ട് പറയിപ്പിക്കില്ല: രൂപേഷ് പീതാംബരൻ

ആരാധകരുടെ ആരാധന അതിരുകൾ പലപ്പോഴും ലംഘിക്കാറുണ്ട്. ഒരു സിനിമയെ വിമർശിച്ചാൽ അസഭ്യവർഷങ്ങളിലൂടെയും അശ്ലീലപരാമർശങ്ങളിലൂടെയും അവർ ആരാധന പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ ആക്രമണത്തിന്റെ പുതിയ ഇരയായിരുന്നു സംവിധായകൻ രൂപേഷ് പീതാംബരൻ. നിവിൻപോളിയുടെ തമിഴ്ചിത്രം റിച്ചിയെ വിമർശിച്ചതിന് രൂപേഷ് പീതാംബരനുനേരെ കുറച്ചൊന്നുമില്ല ആരാധകർ അസഭ്യവർഷം ചൊരിഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് രൂപേഷ് പീതാംബരൻ പ്രതികരിച്ചത് ഇങ്ങനെ:

"എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ സിനിമയെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ 'തീവ്ര'ത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ 'റിച്ചി'യ്ക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ സിനിമയുടെ റീമേക്കാണ് 'റിച്ചി'. എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവങ്ങളെല്ലാം യാദൃശ്ചികം മാത്രമാണ്. ഞാനൊരിക്കലും നിവിനെ ലക്ഷ്യം വച്ചിട്ടില്ല. ഒരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?" ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്നുതന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നു സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് 'റിച്ചി' കണ്ടിരുന്നില്ല. ഒരുപക്ഷെ കണ്ടിരുന്നെങ്കിലും ഞാൻ ആ കുറിപ്പ് മാറ്റില്ലായിരുന്നു. 

കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് 'ഉളിദവരു' എന്ന സിനിമയെക്കുറിച്ച് മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. എന്റെ ആ ഫെയ്സ്ബുക് പോസ്റ്റ് കാരണം സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് 'റിച്ചി'യുടെ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ 'യു ടൂ ബ്രൂട്ടസി'നെയും 'തീവ്ര'ത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. 

പൃഥ്വി, ദുല്‍ഖര്‍, ടൊവീനോ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ട് പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്. അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശ്യമെന്ന് പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ വിവാദങ്ങളെ തുടര്‍ന്ന് അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. ഇപ്പോഴും അവര്‍ എത്രയോ മികച്ച സിനിമകൾ ചെയ്യുന്നുണ്ട്. അതുപോലെ വിനയന്‍ സാറും. പിന്നെ അവര്‍ ഈ പരാതി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല." രൂപേഷ് പറയുന്നു.