രജനീയിസത്തിന്റെ 67 വര്‍ഷങ്ങള്‍

സ്റ്റെലായി വന്നാല്‍ ബില്ല

മാസായി വന്നാല്‍ ബാഷ

ക്ലാസായി വന്നാല്‍ കബാലി

          

ഉദയനാണ് താരത്തിലെ രാജപ്പന്‍ തെങ്ങിന്‍മൂട് നടത്തിയ ആ നിരീക്ഷണം പലകുറി നമ്മുടെ  മനസിലൂടെ കടന്നുപോയതാണ്. 'ആള് എന്നെക്കാളും കറുത്തിട്ടാ, വലിയ ആരോഗ്യമോ സൗന്ദര്യമോയില്ല. എന്നിട്ടും സൂപ്പര്‍സ്റ്റാര്‍'. ഒരു ദീര്‍ഘനിശ്വാസത്തോടെ ശ്രീനിവാസന്‍ അത് പറഞ്ഞവസാനിപ്പിച്ചപ്പോഴും  ആ പേര് കേള്‍വിക്കാരന്റെയുള്ളില്‍ ഒരായിരം തവണ വീണ്ടും  മാറ്റൊലി കൊണ്ടു. രജനികാന്ത്, അതെ ഇന്ത്യന്‍സിനിമയില്‍ പൊളിച്ചെഴുത്തുകളുടെ തലതൊട്ടപ്പന് ഇന്ന് അറുപത്തിയേഴിന്റെ മധുരം. കൈയ്യെത്തും ദൂരത്തുണ്ടെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ സൂര്യനോളം ഉയരത്തില്‍ നിലകൊള്ളുകയും ചെയ്യുന്നു ആ മനുഷ്യന്‍. അഭ്രപാളികളില്‍ അയാള്‍ക്ക് അസാധ്യമായി ഒന്നുമില്ല. ആയിരംവില്ലന്‍മാരെ ചൂണ്ടുവിരല്‍കൊണ്ട് നിലത്തടിക്കുമ്പോഴും. വെടിയുണ്ടകളെ പുഞ്ചിരി കൊണ്ട് തടയുമ്പോഴും അമാനുഷികതയുടെ അതിപ്രസരത്തില്‍ ജനം കൂക്കിവിളിച്ചില്ല. മറിച്ച് തിയറ്ററുകള്‍ ജനസമുദ്രമായി. അമാനുഷികതയുടെ അങ്ങേതലയ്ക്കല്‍ നില്‍ക്കുമ്പോഴും രജനിക്ക് മാത്രം എങ്ങും കയ്യടികളുയര്‍ന്നു. ബോക്സോഫീസില്‍ കോടികള്‍ കിലുങ്ങി. മറ്റാരുചെയ്താലും ജനം കൂവിപോകുന്ന സീനുകളില്‍ രജനികാന്തിന്  മാത്രം എങ്ങനെ കയ്യടികളുയരുന്നു? സിനിമാജീവിതത്തില്‍ നാലുപതിറ്റാണ്ടിലേറെ പിന്നിടുമ്പോഴും  അതിനുത്തരം ഇന്നും ചോദ്യചിഹ്നം.

തമിഴന്റെ ഉടമ്പുതൊട്ട രജനീയിസത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ തികയാതെ വരും. തമിഴന്റെ വികാരവും ചേതനയും അവന്റെ ഭാഷയും മുറ്റിനില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ രജനി ഒരുപക്കാ തമിഴനായി.  എം.ജി.ആറും ജയലളിതയും തമിഴ്മക്കളുടെ മനസില്‍ ആഴത്തില്‍വേരുപിടിച്ച അതെ ഇസം. സിനിമായിസം രജനികാന്തിനെയും  തുണച്ചു. ഇഷ്ടപ്പെട്ടാല്‍  ജീവിതത്തിലൊരിക്കലും കൈവിടാത്ത നേതൃഭക്തിയും വീരാരാധനയും കൈമുതലായ ഒരുജനതയുടെ മൂലധനമായി മാറി രജനി. 'എന്‍ രക്തതുക്ക് രക്തമാണ അന്‍പ് തമിഴ്മക്കളെ' എന്ന വാചകം തമിഴില്‍ മണ്ണില്‍ വിപ്ലവം കുറിച്ചതിന് പിന്നാലെ 'എന്നെ വാഴ്കവച്ച ദൈവങ്കളാണ് അന്‍പ് തമിഴ്മക്കളെ' എന്ന് രജനിയും നീട്ടിവിളിച്ചതോടെ തമിഴകം അതും ഹ്യദയംകൊണ്ട് കേട്ടു.

എല്ലാകാലത്തും എല്ലാ ഭാഷയിലും രണ്ടുപേര്‍ പ്രകൃതിയുടെ അനിവാര്യതയാണ്. എം.ജി.ആര്‍-ശിവാജി ഗണേശന്‍ യുഗത്തിന് ശേഷം  കമല്‍-രജനി യുഗം പോലെ. രജനികാന്ത് തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പരിമിധികളെ മനസിലാക്കി മുന്നേറിയതാണ് തന്റെ വിജയമന്ത്രമെന്ന്. തന്റെതായ ഒരു വഴി. തനീവഴി വെട്ടിതുറന്നിടത്താണ്  അദ്ദേഹത്തിന്റെ വിജയം. അരും രജനിയെ മറ്റൊരുനടനുമായും  ഉപമിക്കാറില്ല. തെളിച്ചവഴിയെ പോകാതെ. പോയ വഴി തെളിച്ച് പൊന്നുവിളയിക്കുന്ന തന്ത്രം, വശ്യമായ ആ പുഞ്ചിരിയില്‍ ഒളിപ്പിച്ചിരുന്നുയെന്നത് കാലംതെളിയിച്ച സത്യം. അതിന് പ്രയമേറുമ്പോഴും ശോഭകൂടുന്നു.

അത്ഭുതങ്ങളില്‍ വിശ്വസിച്ചിരുന്നു ആ മനുഷ്യന്‍. അഭിനയമോഹം കൊണ്ട് ബസ് കണ്ടക്ടര്‍ പണികളഞ്ഞ് സിനിമയ്ക്ക് പിന്നാലെ യാത്രതിരിക്കുമ്പോഴും കെ.ബാലചന്ദര്‍ എന്ന മഹാമേരുവിന്റെ മുന്നില്‍ അവസരംകാത്ത് നിന്നപ്പോഴും തന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം തന്റെ കണ്ണുകളെയും കരുതലായി കണ്ടിരുന്നു ശിവാജിറാവു. ഗുരു ബാലചന്ദര്‍ ആദ്യം തന്നെ പറഞ്ഞിരുന്നു 'അവന്റെ കണ്ണില്‍  എന്തോ ഒരുമായികവലയമുണ്ടെന്ന്.' ആ വാക്ക് തെറ്റിയില്ല ജനകോടികളുടെ മുന്നിലേക്ക്  സിനിമയുടെ ഗേറ്റും  തുറന്ന് കുതിക്കാന്‍ കരുത്തായതും ആരെയും മയക്കുന്ന ആ കണ്ണിന്റെ വശ്യതയാണ്.  ക്ഷുഭിതയൗവനത്തിന്റെ ചോരത്തിളപ്പില്‍ നിന്നും പിന്നീട് സ്റ്റെലിന്റെ െചഞ്ചോരയായി മാറിയ പതിറ്റാണ്ടുകള്‍. കഥാപാത്രങ്ങള്‍ പലകുറി ആവര്‍ത്തിച്ചവതരിച്ചപ്പോഴും  ആരാധകര്‍ പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്തി. 'തലൈവര്‍ സ്റ്റെലായി വന്നാല്‍ അത് ബില്ല, മാസായി വന്നാല്‍ അത് ബാഷ, ക്ലാസായി വന്നാല്‍ അത് കബാലി '

സിനിമയില്‍ മാത്രമല്ല സാധാരണജീവിതത്തിലും രജനി വിസ്മയിച്ചു. പ്രായത്തിന്റെ കുസൃതികള്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റം രജനി മറച്ചുവച്ചില്ല. കഷണ്ടിത്തല പുറത്തുകാട്ടി. നരച്ചതാടിയും സാധാരണക്കാരന്റെ വസ്ത്രധാരണങ്ങളുമായി രജനി ശിവാജി റാവു ഗെയ്ക് വാദായി തന്നെ പ്രത്യക്ഷപ്പെട്ടു.  കാലം അതിനെയും രജനി സ്റ്റെലായി മാറി. ആ നടപ്പും സംസാരവും നോട്ടവും എന്തിന് ഒരോ ചലനത്തിനുവരെ ആരെയും മയക്കുന്ന വശ്യത കൈവന്നു. അതിനൊപ്പം സ്റ്റെല്‍ എന്ന വാക്കുകൂടി ചേര്‍ത്തപ്പോള്‍ ലോകം അതിങ്ങനെ എറ്റുപാടി.  'നീ നടന്താല്‍ നടഅഴക്...നീ സിരിച്ചാല്‍ സിരിപ്പഴക്... നീ പേസും തമിഴഴക്....'. പ്രൗഢിയുടെ പരകോടിയില്‍ നില്‍ക്കുമ്പോഴും ലാളിത്യത്തിന്റെയും  ആത്മീയതയുടെയും വേറിട്ടമുഖം രജനി കാട്ടിതന്നു. പാലഭിഷേകവും ഭീമന്‍ കട്ടൗട്ടുകളുമായി ആരാധകവ്യന്ദം ഒരോ വരവും ഗംഭീരമാക്കി. ജപ്പാനിലും മലേഷ്യയിലും അമേരിക്കയിലും ആരാധകര്‍ രജനീയിസത്തില്‍ മതിമറന്നു. ബാഷയും പടയപ്പയും മുത്തുവും അണ്ണാമലയുെമല്ലാം കടന്ന് ബ്രഹ്മാണ്ഡചിത്രങ്ങളുടെ തോഴനായി രജനി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ആ മാജിക്കിന് അടിവരയിടാന്‍ യന്തിരന്റെ രണ്ടാഭാഗവും ഉടനെത്തുന്നു.

കലങ്ങിമറിയുന്ന തമിഴകത്തിലേക്കാണ് രജനികാന്തിന്റെ 67-ാം പിറന്നാളുദിക്കുന്നത്. തന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച്  പലസൂചനകളും അദ്ദേഹം നല്‍കി. ആ ദിനത്തിനായുള്ള   കാത്തിരിപ്പിലാണ് തമിഴകം. ഒരു രജനി ചിത്രം പുറത്തിറങ്ങുന്നതിനേക്കാള്‍ ആകംക്ഷനിറഞ്ഞ കാത്തിരിപ്പ്. ആ വാക്കിനായി അത്തരത്തിലൊരു മാസ് എന്‍ട്രിക്കായി തമിഴ്നാടിനൊപ്പം ഒരു രാഷ്ട്രം തന്നെ കാത്തിരിക്കുന്നു. കാരണം തമിഴകത്തിന്റെ പള്‍സ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്.  സ്റ്റെലിന്റെ മുടിചൂടാമന്നന് തമിഴകത്തിനാെപ്പം  ലോകം നേരുന്നു ...ഹാപ്പി ബെര്‍ത്ത് ഡേ തലൈവാ