ഡോളിയുടെ 'രജനി' സ്റ്റൈൽ ചായ; വേറിട്ട ഒഴിക്കൽ, കൊടുക്കൽ: ഹിറ്റ് വിഡിയോ

ചായ കുടിക്കുമ്പോൾ അൽപ്പം സ്റ്റൈലിൽ തന്നെ കുടിക്കണം. അതിനായി ചെല്ലേണ്ടത്  മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഡോളിയുടെ ചായക്കടയിലേക്കാണ്. ഏതാനും വർഷങ്ങളായി നല്ല ഒന്നാന്തരം ചായയോടൊപ്പം തന്റെ തനതായ സ്‌റ്റൈലും ചേര്‍ത്താണ് ഡോളി ആളുകളെ കടയിലേക്ക് സ്വാഗതം ചെയ്യുന്നത്.

ചായ ഉണ്ടാക്കുന്നതിലും നല്‍കുന്നതിലും ഇയാള്‍ സ്വീകരിക്കുന്ന രസകരമായ രീതി സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേക്ക് പാല്‍ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ ചായ അസാധാരണ കയ്യടക്കത്തോടെ അതിവേഗം ഗ്ലാസ്സുകളിലേക്ക് പകരുന്നതും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ.

ദക്ഷിണേന്ത്യന്‍ സിനിമകളാണ് തന്റെ ഈ വേഗതയ്ക്കും കയ്യടക്കത്തിനും പ്രചോദനമെന്ന് ഡോളി പറയുന്നു. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ വലിയ ആരാധകനാണ് ഇദ്ദേഹം. നീണ്ട കോലന്‍ മുടിയും, ഒട്ടിയ മുഖവും, ചായക്കടയിലെ അഭ്യാസവും കാരണം ആരാധകര്‍ക്കിടയില്‍ 'ഇന്ത്യന്‍ ജാക്‌സ്പാരൗ' എന്ന പേരും ഡോളിക്ക് ഉണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം പ്രകടനങ്ങളിലൂടെ ഡോളിയും ചായക്കടയും യുവാക്കള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. കേവലം ചായ പകരുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഡോളിയുടെ സ്‌റ്റൈല്‍. ആവശ്യക്കാരുടെ സിഗററ്റിന് തീ കൊളുത്തുന്നതിലും, പണം വാങ്ങുന്നതിലും ബാക്കി നല്‍കുന്നതിലും ഈ സ്‌റ്റൈല്‍ നിറഞ്ഞു കാണാം.

രാവിലെ 6 നു തുടങ്ങുന്ന കട രാത്രി 9 മണിക്ക് അടക്കും. ഉന്മേഷം നിറക്കുന്ന ചായയുടെ അനുഭവത്തിന് വെറും 7 രൂപ മാത്രമേ ഈ 'സ്‌റ്റൈലന്‍' ചായക്കാരന്‍ ഈടാക്കുന്നുള്ളു. ആദ്യമായി കടയില്‍ വരുന്നവര്‍ക്ക് കുരുമുളക് ചായ സൗജന്യമാണ്.