കോഹ്‌ലി-അനുഷ്ക വിവാഹത്തിന് ക്ഷണം ഈ ഏഴു നടൻമാർക്ക്

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്കയും തമ്മിലുള്ള വിവാഹവാർത്തകൾ കൊഴുക്കുകയാണ്. ഇരുവരും ഇറ്റലിയിൽ വിവാഹിതരാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകൾക്കു ബലം നൽകി ഇരുവരും കുടുംബസഹിതം ഇറ്റലിയിലേക്കു പറക്കുകയും ചെയ്തു. 

വിവാഹത്തിന് തിരഞ്ഞെടുത്ത ചിലരെ മാത്രമേ ക്ഷണിക്കുകയുള്ളൂവെന്നാണ് സൂചന. ഷാരൂഖ് ഖാനാണ് ലിസ്റ്റിൽ ആദ്യം  ഇടംനേടിയത്. വളരെ അടുത്ത സുഹൃദ്ബന്ധമാണ് കിങ് ഖാനുമായി അനുഷ്കയ്ക്കുള്ളത്. തൊട്ടടുത്ത സ്ഥാനം ആമിർ ഖാനു തന്നെ. അനുഷ്കയും കോഹ്‌ലിയും ആമിറുമായി അടുത്ത ബന്ധം വച്ചു പുലർത്തുന്നവരാണ്. അനുഷ്കയെ കാമറയ്ക്കു മുന്നിലേക്കു ആദ്യമായി അവതരിപ്പിച്ച സംവിധായകൻ ആദിത്യ ചോപ്രയും വിവാഹച്ചടങ്ങിനെത്തും. 

ബോംബെ വെൽവെറ്റ്, യേ ദിൽഹേ മുഷ്കിൽ എന്നിചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച രൺബീർ കപൂറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ കരൺ ജോഹറും ഏഴു പേരിൽ സ്ഥാനം പിടിച്ചു. ജബ് തക് ഹെ ജാൻ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച കത്രീന കെയ്ഫും അനുഷ്കയെ വച്ച് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്ത മനീഷ് ശർമയും ചടങ്ങിനെത്തും. 

അതേസമയം, ക്രിക്കറ്റ് താരങ്ങളെ വിവാഹത്തിനു ക്ഷണിച്ചതായി സൂചനയില്ല. ഇവർക്കായി പിന്നീട് പ്രത്യേക വിരുന്ന് സംഘടിപ്പിക്കാനാണ് പരിപാടി.