ലോൺ നൽകുന്നതിലും പലിശ കുറവു പ്രഖ്യാപിക്കുന്നതിലും ബാങ്കുകൾക്കിടയിൽ മത്സരം ശക്തമാകുന്നെന്ന സൂചന നൽകി ഭവന വായ്പയ്ക്കു വൻ പലിശ ഇളവുമായി ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശയിൽ വായ്പ നൽകിക്കൊണ്ടിരുന്ന എസ്ബിഐയെ പിന്തള്ളി 8.35 ശതമാനം പലിശയ്ക്കു ഭവന വായ്പ നൽകുന്ന പദ്ധതി ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കിൽ 70 ബേസിസ് പോയന്റിന്റെ കുറവാണു ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചത്.
എട്ടര ശതമാനം മുതൽ പലിശയ്ക്കാണ് എസ്ബിഐ ഇപ്പോൾ ഭവന വായ്പ നൽകുന്നത്. നല്ല സിബിൽ സ്കോറുള്ളവർക്കാണ് ഇത്രയും കുറഞ്ഞ പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. 760ഉം അതിനു മുകളിലും സിബിൽ സ്കോർ ഉള്ളവർക്ക് ഈ പലിശ നിരക്കിൽ ലോൺ ലഭിക്കും. 50 ലക്ഷം രൂപയുടെ 30 വർഷ കാലാവധിയുള്ള ഒരു വായ്പയിൽ പ്രതിമാസം 2496 രൂപയുടെ ലാഭമാണു ബാങ്ക് ഓഫ് ബറോഡയുടെ പലിശ ഇളവുമൂലം ലഭിക്കുന്നത്. അതായത് 30 വർഷം കൊണ്ട് ഒമ്പതു ലക്ഷം രൂപയുടെ ലാഭം..!
ജനുവരി ഏഴു മുതലുള്ള ലോണുകൾക്ക് പുതിയ പലിശ നിരക്ക് ബാധകമാകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. മറ്റു ബാങ്കുകളിലുള്ളവർക്ക് അവരുടെ ലോൺ ബാങ്ക് ഓഫ് ബറോഡയിലേക്കു മാറ്റാമെന്നും അധികൃതർ അറിയിച്ചു.