അദാനി കമ്പനിയില്‍ 26 ശതമാനം ഓഹരി വാങ്ങി അംബാനി; നിര്‍ണായകനീക്കം


ഗൗതം അദാനിയുടെ കമ്പനിയില്‍ 26 ശതമാനം ഓഹരി സ്വന്തമാക്കി മുകേഷ് അംബാനി. ഇതുവരെ എതിരാളികളായിരുന്ന വ്യവസായ ഭീമന്മാരുടെ ആദ്യ സംയുക്ത നീക്കമാണിത്. അദാനി പവറിന്റെ അനുബന്ധകമ്പനിയായ മധ്യപ്രദേശിലെ മഹാന്‍ എനര്‍ജെനിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിക്ഷേപം നടത്തിയത്. 50 കോടി രൂപയുടെ ഓഹരികളാണ് അംബാനി വാങ്ങിയത്. ശതകോടീശ്വരന്മാരായ അംബാനിക്കും അദാനിക്കും ഇത് ചെറിയ തുകയാണെങ്കിലും പരസ്പരമുള്ള ഓഹരി ഇടപാട്  കോര്‍പറേറ്റ് രംഗത്ത് നിര്‍ണായക നീക്കങ്ങള്‍ക്ക് വഴിതുറന്നേക്കാം. കരാര്‍ പ്രകാരം മധ്യപ്രദേശിലെ പ്ലാന്റില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിക്കും. ഈ വൈദ്യുതി ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല.

ഇടപാടിന്റെ നടപടിക്രമങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. 20 വര്‍ഷത്തേക്കാണ് വൈദ്യുതി കരാര്‍. ഈ ഇടപാടിന് കേന്ദ്ര വൈദ്യുതി ചട്ടത്തിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് റിലയന്‍സ്, മഹാന്‍ എനര്‍ജെനില്‍ ഓഹരി വാങ്ങിയതെന്നും സൂചനയുണ്ട്. മഹാന്‍ തെര്‍മല്‍ പവര്‍ കമ്പനിയിലെ 600 മെഗാവാട്ട് ശേഷിയുള്ള യൂണിറ്റ് ക്യാപ്റ്റിവ് പ്ലാന്റ് (സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ളത്) ആയിരിക്കുമെന്ന് അദാനി പവര്‍ അറിയിച്ചു. റിലയന്‍സിന് ഗുജറാത്തിലെ എണ്ണശുദ്ധീകരണ, പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ ക്യാപ്റ്റിവ് പവര്‍ പ്ലാന്റ് ഉണ്ട്.

വ്യവസായ രംഗത്ത് എതിരാളികളായി അറിയപ്പെടുന്ന ഗൗതം അദാനിയും മുകേഷ് അംബാനിയും വ്യത്യസ്ത മേഖലകളിലാണ് അടുത്തകാലം വരെ ശ്രദ്ധയൂന്നിയിരുന്നത്. ഓയില്‍, ഗ്യാസ്, റീട്ടെയില്‍, ടെലികോം, ധനകാര്യസേവനങ്ങള്‍ തുടങ്ങിയവയാണ് അംബാനിയുടെ പ്രധാന ബിസിനസുകള്‍. അദാനി ഗ്രൂപ്പ് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങി അടിസ്ഥാനസൗകര്യരംഗത്തും സിമന്റ്, വൈദ്യുതി തുടങ്ങിയ മേഖലകളിലുമാണ് ശ്രദ്ധയൂന്നിയിരുന്നത്. അടുത്ത കാലം വരെ അദാനിയുടെ പ്രധാന ബിസിനസ് മേഖലകളില്‍ അംബാനിയോ റിലയന്‍സിന്റെ ബിസിനസ് രംഗങ്ങളില്‍ അദാനിയോ കടന്നുകയറിയിരുന്നില്ല. അടുത്തിടെ മീഡിയ, പാരമ്പര്യേതര ഊര്‍ജം, ഡേറ്റ തുടങ്ങിയ മേഖലകളില്‍ രണ്ട് കമ്പനികളും വിപുലമായ നിക്ഷേപം നടത്തിയതോടെയാണ് ഇതില്‍ മാറ്റം വന്നത്.

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്‍പതാംസ്ഥാനത്തും ഗൗതം അദാനി ഇരുപത്തിനാലാം സ്ഥാനത്തുമാണ്. ഫോര്‍ബ്സ് മാസികയുടെ പട്ടികയനുസരിച്ച് അംബാനിക്ക് 83.4 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്. 47.2 ബില്യന്‍ ഡോളറാണ് അദാനിയുടെ ആസ്തി.

Mukesh Ambani buys 26% stake in Gautam Adani's power company