‘ഇലക്ടറൽ ബോണ്ടിന്‍റെ പേരില്‍ കർഷകനില്‍ നിന്ന് 10 കോടി തട്ടി’; ബിജെപിക്കെതിരെ ആരോപണം

Image Credits: The Quint

ഭീഷണിപ്പെടുത്തിയും ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ജീവനക്കാര്‍ ഒരു കോടി പതിനാലായിരം രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ എടുപ്പിച്ചെന്ന ആരോപണവുമായി ദലിത് കുടുംബം. 2023 ഒക്ടോബർ 11-ന് ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ജാറിലാണ് സംഭവം നടന്നത്. നല്‍കിയ തുകയില്‍ 10കോടി രൂപ ബിജെപി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. ദി ക്വിന്‍റാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട എസ്ബിഐയുടെ കണക്കുകൾ പ്രകാരം, ഇവയിൽ 10 കോടി രൂപയുടെ ബോണ്ടുകൾ 2023 ഒക്ടോബർ 16ന് ബിജെപി എൻക്യാഷ് ചെയ്യുകയും ഒരു കോടി പതിനാലായിരം രൂപ മൂല്യമുള്ളവ ശിവസേന 2023 ഒക്ടോബർ 18 ന് എന്‍ക്യാഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെല്‍സ്പണ്‍് എന്‍റര്‍പ്രൈസസിലെ സീനിയര്‍ മാനേജറായ മഹേന്ദ്ര സിങ് സോധ ഒരു കോടി പതിനാലായിരം രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്. ഈ പണം ദിവസങ്ങള്‍ക്കകം ബി.ജെ.പിയുടെയും ശിവസേനയുടെയും അക്കൗണ്ടുകളിലെത്തി. 

കുടുംബത്തിന്‍റെ കൃഷി ഭൂമി അദാനി കമ്പനിയായ വെല്‍സ്പണ്‍ ഏറ്റെടുത്തിരുന്നു.  ഇതിന് നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ആദായനികുതി വകുപ്പിന്‍റെ പേരു പറഞ്ഞ് കുടുംബത്തെ ഭയപ്പെടുത്തി ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് നല്‍കിയത്. ഇത്രയും തുക കയ്യിലുണ്ടെന്ന് അറിഞ്ഞാല്‍ ആദായ നികുതി വകുപ്പില്‍ നിന്നും പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഇലക്ടറല്‍ ബോണ്ട് പരിചയപ്പെടുത്തുന്നത്. അഞ്ചു വര്‍ഷം കൊണ്ട് ഈ തുകയുടെ 1.5 ഇരട്ടി ലാഭം ലഭിക്കുമെന്നും മഹേന്ദ്ര സിങ് കുടുംബത്തെ വിശ്വസിപ്പിച്ചു. എന്നാല്‍ കുടുംബത്തിന്‍റെ വിദ്യാഭ്യാസക്കുറവിനെ ചൂഷണം ചെയ്യുകയായിരുന്നെന്നും കബളിപ്പിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. 

കുടുംബത്തിന്‍റെ കൃഷി ഭൂമിക്കായി ആകെ നിശ്ചയിച്ച തുക പതിനാറ് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി എഴുപത്തി ഏഴ് (16,61,21,877) രൂപയായിരുന്നു. ഇതില്‍ 2.80 കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക ഏഴ് ജോയിന്‍റ് അക്കൗണ്ടുകളിലേക്കായി അയച്ചു. ഇതിനുശേഷമാണ് മഹേന്ദ്ര സിങ് കുടുംബവുമായി ചര്‍ച്ച നടത്തി ഇലക്ടറല്‍ ബോണ്ട് എടുപ്പിക്കുന്നത്. കുടുംബവുമായി മഹേന്ദ്ര സിങ് നടത്തിയ യോഗങ്ങളില്‍ ബി.ജെ.പി നേതാവ് ഹേമന്ത് രജനികാന്ത് പങ്കെടുത്തിരുന്നെന്നും കുടുംബം വെളിപ്പെടുത്തി. ചതുരശ്ര മീറ്ററിന് 17,500 രൂപ വില വരുന്ന സ്ഥലത്തിന് ആകെ ലഭിക്കേണ്ടിരുന്നത് 76 കോടി രൂപയായിരുന്നു. എന്നാല്‍  ഊ തുക നല്‍കാന്‍ കമ്പനി തയാറായിരുന്നില്ല. ഇതിന് ശേഷം നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് 16.61 കോടി രൂപയിലേക്ക് നഷ്ടപരിഹാരത്തുക കുത്തനെ കുറച്ചത്.

10 Crore Extorted from Farmer on Electoral Bond'; Allegation against BJP