‘താമര’ച്ചേലില്‍ വിരിയാന്‍ നവിമുംബൈ വിമാനത്താവളം; ചെലവ് 16,700 കോടി രൂപ

നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. അടുത്ത വർഷം മാർച്ച് 31 ന് മുൻപ് വിമാനത്താവളം തുറന്നേക്കുമെന്നാണ് വിവരം. 63 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായതായും അധികൃതർ പറഞ്ഞു. ദേശീയ പുഷ്പമായ താമരയുടെ രൂപത്തിലാണ് വിമാനത്താവളത്തിന്റെ രൂപകൽപനയെന്നതും പ്രത്യേകതയാണ്.16,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. 

2021ലാണ് ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്‍റെ നിർമാണച്ചുമതല ഏറ്റെടുക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ തിരക്ക് കൂടിയതോടെയാണ് 2018ൽ നവിമുംബൈയിൽ നിർമാണത്തിന് തുടക്കമിട്ടത്. 1160 ഏക്കറിലായി നാലു ഘട്ടമായാണ് വികസിപ്പിക്കുന്നത്. ആദ്യരണ്ടു ഘട്ടം അടുത്ത വർഷം മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. 

2032ൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. കുന്ന് നിരപ്പാക്കൽ അവസാനഘട്ടത്തിലാണ്. ഉൾവെ നദി വഴി തിരിച്ച് വിടുന്ന ജോലി പൂർത്തിയായി. ചതുപ്പുകളെല്ലാം നിരത്തുകയും ഹൈട്രാൻസ്മിഷൻ ലൈനുകൾമാറ്റി സ്ഥാപിക്കുകയും ചെയ്തു. 2022ൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നവിമുംബൈ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ വൈകിയതോടെ നിർമാണപ്രവർത്തനങ്ങളും ഇഴഞ്ഞു. 

2021ലാണ് വിമാനത്താവള നിര്‍മാണത്തിലേക്ക് അദാനി ഗ്രൂപ്പ് എത്തുന്നത്. പിന്നീട്, 2022ൽ ഏറ്റെടുത്ത ഭൂമി സിഡ്കോ അദാനി ഗ്രൂപ്പിന് കൈമാറിയതോടെ നിർമാണം വേഗത്തിലായി. പദ്ധതി മുന്നിൽ കണ്ട് പൻവേൽ, ബേലാപുർ,വാശി, ഉൾവെ മേഖലകളിൽ വലിയ രീതിയിലുള്ള ഭൂമി ഇടപാടുകളാണ് നടക്കുന്നത്. ടെർമിനലിന്റെ നിർമാണ പ്രവർത്തനവും റൺവേകളുടെ നിർമാണ പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റർ ദൂരത്തിലുള്ള രണ്ട് റൺവേകളാണ് പൂർത്തിയാകുന്നത്. 60 മീറ്റർ വീതിയും റൺവേകൾക്കുണ്ട്.

Navi Mumbai International Airport under construction.