രൂപയ്ക്ക് ഇനിയും തകർച്ച?; ഡോളറിന് 80 കടന്നേക്കുമെന്ന് വിദഗ്ധർ

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപങ്ങളുടെ തുടർച്ചയായ ഒഴുക്കിന് സാക്ഷ്യം വഹിക്കുന്നതിനാൽ കഴിഞ്ഞ കുറേ മാസങ്ങളായി രൂപ അതിന്റെ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. എഫ്പിഐ പുറത്തേക്ക് ഒഴുകുന്നതിനുപുറമേ ഡോളർ സൂചിക ഉയരുന്നതും ക്രൂഡ് ഓയിൽ വില കൂടിയതുമൊക്കെ രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. വരും മാസങ്ങളിലും രൂപയ്ക്ക് വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും യുഎസ് ഡോളറിനെതിരെ 80 ലെവലിൽ എത്താൻ സാധ്യതയുണ്ടെന്നുമാണ്  വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

2022 ജനുവരി 12 ന് രൂപയുടെ മൂല്യം ഒരു ഡോളറിന് 73.78 എന്ന നിലയിലായിരുന്നു. തുടർന്ന് ആറ് മാസത്തിനുള്ളിൽ വീണ്ടും വിലയിടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 79.11 ൽ എത്തി. എന്നാൽ പിന്നീട് തകർച്ച തുടർന്നുമില്ല.  ജനുവരി 12 നും മാർച്ച് 8 നും ഇടയിൽ ദുർബലമായി 77.13 ൽ എത്തിയെങ്കിലും പിന്നീട് ഏപ്രിൽ 5 വരെ ഒരു മാസത്തേക്ക് ശക്തി പ്രാപിച്ച് ഡോളറിന് 75.23 ൽ എത്തിയിരുന്നു. ഏപ്രിൽ 5 മുതൽ വീണ്ടും തുടർച്ചയായ ഇടിവ് സംഭവിക്കുകയും അതിനുശേഷം ഒന്നിലധികം തവണ എക്കാലത്തെയും താഴ്ന്ന നിലയിലെത്തുകയും ചെയ്തു.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നതെങ്കിലും, ഒരു കൂട്ടം കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, രൂപ നേരിയ തോതിലുള്ള പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് .കൊട്ടക് സെക്യൂരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനിന്ദ്യ ബാനർജി പറഞ്ഞു. ആർബിഐയുടെ ശക്തമായ ഇടപെടലും പലിശ നിരക്ക് വർദ്ധനയും രൂപയെ സഹായിച്ചതായാണ് വിദഗ്ധരുടെ നിരീക്ഷണം.ഇന്ത്യയിലെ സാമ്പത്തിക വളർച്ച ശക്തമായിരുന്നെങ്കിലും  ആഗോള വിപണിയിലെ പ്രതിസന്ധിയും ഫെഡ് വർദ്ധനവിന്റെ വേഗതയുമാണ് ഇന്ത്യയിൽ വലിയ പണം നിക്ഷേപിക്കുന്നതിന് തടസ്സമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ക്രൂഡ് ഓയിലും ബാരലിന് 100 ഡോളറിനു മുകളിലാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധം മൂലമുള്ള ആഗോള രാഷ്ട്രീയ പ്രതിസന്ധിയും യുഎസ് ഫെഡറൽ റിസർവിന്റെ കർശനമായ പണ നയവും മൂലം ഉയർന്നുവന്ന ആഗോള അനിശ്ചിതത്വങ്ങളും വലിയ തോതിലുള്ള രൂപയുടെ ഇടിവിന്  ഒരു പ്രധാന കാരണമാണ്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളറിന്റെ പൊതുവായ കരുത്തും ഇടിവിന് കാരണമായി സൂചിപ്പിക്കപ്പെടുന്നു. ഏതായാലും അടുത്ത 6-9 മാസങ്ങളിൽ, ആഗോള സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കൽ, യുഎസ് ഡോളറിന്റെ പണലഭ്യത കർക്കശമാക്കൽ, ഉയർന്ന എണ്ണവില എന്നിവ വഴി രൂപയ്ക്ക് ഇനിയും  വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നു തന്നെയാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.