നേട്ടം കൊയ്ത് മലയാളി സംരംഭകർ; വിപണിയിലെ കുതിപ്പ് അനുകൂലമായി

ഓഹരി വിപണികള്‍ കുതിപ്പ് നടത്തുമ്പോള്‍ നേട്ടം കൊയ്ത് മലയാളി സംരംഭകരും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകളില്‍ ഏറ്റവുമധികം നേട്ടം കൈവരിച്ചത് ജിയോജിത് എംഡി സി.ജെ.ജോര്‍ജാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ പക്കലുള്ള ഓഹരികളുടെ മൂല്യം 95 ശതമാനമാണ് ഉയര്‍ന്നത്. കോവിഡ് മൂലമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍ കുതിപ്പാണ് ഓഹരി വിപണികള്‍ നടത്തുന്നത്. സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമ്പോള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളുടെ പ്രകടനവും  മോശമല്ല. ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം നേട്ടം കൈവരിച്ചത് ജിയോജിത് എംഡി സിജെ ജോര്‍ജാണ്. അദ്ദേഹത്തിന്‍റെ പക്കലുള്ള ഓഹരികളുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 169 കോടിയില്‍ നിന്നും 331 കോടിയായാണ് വര്‍ധിച്ചത്. നേട്ടം 95 ശതമാനം. കിറ്റെക്സ് എം ഡി സാബു എം ജേക്കബാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്‍റെ പക്കലുള്ള കിറ്റെക്സ് ഓഹരികളുടെ മൂല്യം 220 കോടിയില്‍ നിന്ന് 70 ശതമാനം വര്‍ധിച്ച് 370 കോടിയായി.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മക്കളായ മിഥുന്‍ ചിറ്റിലപ്പിള്ളി നേതൃത്വം കൊടുക്കുന്ന വി ഗാര്‍ഡും അരുണ്‍ ചിറ്റിലപ്പിള്ളിയുടെ വണ്ടര്‍ ലാ ഹോളിഡേയ്സും മിന്നും പ്രകടനമാണ് നടത്തിയത്. വിഗാര്‍ഡ് ഓഹരി മൂല്യം 56.2 ശതമാനം ഉയര്‍ന്നതോടെ മിഥുന്‍റെ പക്കലുള്ള ഓഹരിമൂല്യം 2,225 കോടിയായി. ചിറ്റിലപ്പിള്ളി കുടുംബത്തിന് ആകെ 6,173 കോടിയുടെ ഓഹരികളാണ് വി ഗാര്‍ഡിലുള്ളത്. അരുണ്‍ ചിറ്റിലപ്പിള്ളിയുടെ വണ്ടര്‍ലായുടെ ഓഹരികള്‍  49.49 ശതമാനം ഉയര്‍ന്ന് 463 കോടിയായി. 44,307 കോടി രൂപയുടെ ഓഹരികളുള്ള മുത്തൂറ്റ് കുടുംബത്തിന്‍റെ പക്കലുള്ള ഓഹരികളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വര്‍ധന 48 ശതമാനമാണ്. നേട്ടം 6,566 കോടി. മണപ്പുറം ഫിനാന്‍സ് ഉടമ വിപി നന്ദകുമാറിന്‍റെ പക്കലുള്ള ഓഹരികളുടെ മൂല്യം 14 ശതമാനം ഉയര്‍ന്ന് 4,215 കോടിയായി.