എംഎല്‍എയെ അപമാനിച്ചെന്ന പരാതി; സാബു എം ജേക്കബ്ബിനെതിരെ കലാപാഹ്വാനത്തിന് കേസ്

ശ്രീനിജിന്‍ എംഎല്‍എയെ അപമാനിച്ചുവെന്ന പരാതിയില്‍ ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബിനെതിരെ കലാപാഹ്വാനത്തിന് കേസ് . ഐക്കരനാട് സ്വദേശി ജോഷി വര്‍ഗീസിന്‍റെ പരാതിയിലാണ് പുത്തന്‍കുരിശ് പൊലീസ്കേസെടുത്തത്. ട്വന്‍റി ട്വന്‍റി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് കേസ്. 

എറണാകുളം പൂതൃക്കയിൽ നടന്ന ട്വൻ്റി 20 സമ്മേളനത്തിലെ ഈ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിലെ പരാമർശങ്ങൾ ജാതീയമായും, വംശീയമായും തന്നെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.വി.ശ്രീനിജിൻ എം.എൽ.എ പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. പ്രസംഗം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന്  പരാതിയിലുണ്ട്. സാബു.എം.ജേക്കബിന് പുറമേ വേദിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു. പരാമർശങ്ങൾക്കെതിരെ സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനും പൊലീസിന് സമാന പരാതി  നൽകിയിരുന്നു.

സമ്മേളനത്തിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനത്ത് വേദി നിഷേധിച്ചതിനെതിരെ ട്വന്റി 20 ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പിന്നീട് സമ്മേളനം മൈതാനത്ത് നടത്തിയത്. സാബു.എം.ജേക്കബിന് പുറമെ സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം സർക്കാരിനും, എം.എൽഎക്കും എതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. സമ്മേളനം നടത്താതിരിക്കാൻ എംഎൽഎ ഇടപെട്ടുവെന്നായിരുന്നു ആരോപണം.