എയർടെലിന് 118,800 കോടി കടം; നിരക്ക് കൂട്ടാതെ വഴിയില്ലെന്ന് സുനിൽ മിത്തൽ

രാജ്യത്തെ ടെലികോം കമ്പനികളെല്ലാം വൻ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മിക്ക കമ്പനികൾക്കും വൻ കടബാധ്യതകളുണ്ട്. ടെലികോം വിപണിയിൽ ഒരുകാലത്ത് ഒന്നാം സ്ഥാനത്തായിരുന്ന ഭാർതി എയർടെലിന് 2020 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം മൊത്തം കടം ഏകദേശം 118,800 കോടി രൂപയാണ്. എന്നാൽ, പുതിയ വരിക്കാരെ ചേർക്കുന്നതിലും കമ്പനി വൻ പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ പോയാൽ നിരക്കുകൾ വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് മുൻനിര കമ്പനികളെല്ലാം പറയുന്നത്.

നിലവിലെ നിരക്കുകൾ സുസ്ഥിരമല്ലെന്നും ടെലികോം താരിഫ് വർധനവ് ആവശ്യമാണെന്നുമാണ് എയർടെൽ മേധാവി സുനിൽ മിത്തൽ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നിരക്കുകളെ സംബന്ധിച്ചിടത്തോളം കമ്പനി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. താരിഫ് വർധിപ്പിക്കണമെന്ന ഉറച്ച നിലപാടാണ് എയർടെല്ലിനെന്നും മിത്തൽ പറഞ്ഞു. നിലവിലെ നിരക്കുകൾ സുസ്ഥിരമല്ലെന്നും കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിന് നിരക്ക് വർധനവ് അനിവാര്യമാണെന്നും മിത്തൽ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ നടത്തിയ പ്രസ്താവനയിൽ 160 രൂപയ്ക്ക് 16 ജിബി ഡേറ്റാ ഉപഭോഗം ഒരു ദുരന്തമായി മിത്തൽ വിശേഷിപ്പിച്ചിരുന്നു. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയായി ഉയർത്തുകയും പിന്നീട് ഇത് 300 രൂപയായും ഉയരണമെന്നാണ് കമ്പനിയുടെ നിലപാട്. എയർടെല്ലിന്റെ മൊബൈൽ എആർ‌പിയു സെപ്റ്റംബർ പാദത്തിൽ 162 രൂപയായിരുന്നു. രണ്ടാം പാദത്തിൽ 128 രൂപയിൽ നിന്ന് 157 രൂപയും കഴിഞ്ഞ ജൂൺ പാദത്തിൽ 157 രൂപയുമായിരുന്നു.

രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് വ്യക്തമായ സൂചന നല്‍കി ഭാരതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഗോപാൽ വിത്തലും പ്രസ്താവന നടത്തിയിരുന്നു. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് തങ്ങള്‍ നല്‍കേണ്ടിവരുന്നത് ഒരു ദുരന്തമാണ്. 160 രൂപയ്ക്ക് നിങ്ങള്‍ 1.6 ജിബി ഡേറ്റ ഉപയോഗിച്ചോളണം. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയർടെൽ മേധാവിയുടെ നിലപാട്. എന്നാൽ നിരക്കു വർധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിൽ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഡിസംബറിൽ 3 കമ്പനികളും 25–39% വരെ നിരക്കു വർധിപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഡേറ്റ ഉപയോഗവും മൊബൈൽ കോളുംവർധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട്. എന്നാൽ റിലയൻസ് ജിയോ തൽക്കാലം വർധന വേണ്ടെന്ന നിലപാടിലാണ്.

അമേരിക്കയിലും യൂറോപ്പിലും നിലനില്‍ക്കുന്ന വില തരേണ്ട, അതായത് 50-60 ഡോളറൊന്നും വേണ്ട. പക്ഷേ, പ്രതിമാസം 16 ജിബി ഉപയോഗിക്കാന്‍ 2 ഡോളര്‍ എന്ന നിരക്കുമായി മുന്നോട്ടുപോയി പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനിൽ മിത്തല്‍ പറഞ്ഞത്. ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. ഇനിയിപ്പോള്‍ 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കണം, കടലിനടിയിലൂടെ കേബിള്‍ ഇടണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനിൽ മിത്തൽ പറഞ്ഞത്.

അതേസമയം, ചൈനീസ് ടെലികോം കമ്പനികളെ 5ജി നെറ്റ്‌വർക്കുകളിൽ പങ്കെടുക്കാൻ അനുവദിക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത് എല്ലാവരും അനുസരിക്കുെമന്നും മിത്തൽ പറഞ്ഞു.