ജിയോയിൽ മൂന്നാഴ്ചക്കിടെ നിക്ഷേപം 60,596.37 കോടി; രണ്ട് ശതാനം ഓഹരികൾ വാങ്ങി വിസ്റ്റയും

യുഎസ് ആസ്ഥാനമായുള്ള വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ് റിലയൻസ് ജിയോയുടെ 2 ശതാനം ഓഹരികൾ വാങ്ങുന്നു. ജിയോയിൽ 11,367 കോടി രൂപയുടെ നിക്ഷേപമാണ് വിസ്റ്റ നടത്തുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രമുഖ ടെക് നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്ഫോം 60,596.37 കോടി രൂപയാണ് സമാഹരിച്ചതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു.

യുഎസ് ആസ്ഥാനമായുള്ള വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ് 11,367 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളെ 4.91 ലക്ഷം കോടി രൂപയുടെ മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റർപ്രൈസ് മൂല്യവുമുളളതാക്കി.

ജിയോയിൽ 9.99 ശതമാനം ഓഹരി വാങ്ങാൻ നേരത്തെ ഫെയ്സ്ബുക് 570 കോടി ഡോളർ ചെലവഴിച്ചിരുന്നു. ഇതിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു അമേരിക്കൻ കമ്പനിയും ജിയോയിൽ നിക്ഷേപം നടത്തുന്നത്. പിന്നാലെ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് ജിയോയിൽ 5,655.75 കോടി രൂപയും നിക്ഷേപിച്ചിരുന്നു.