മൊബൈൽ സേവന നിരക്ക് വർധന; ട്രായ് ഇടപെട്ടേക്കില്ല

മൊബൈല്‍ കമ്പനികള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ തീരുമാനത്തില്‍ ട്രായ് ഇടപെടില്ലെന്ന് സൂചന. ഫോണ്‍ കോളുകള്‍ക്ക് അടിസ്ഥാന നിരക്കുകള്‍ നിശ്ചയിക്കാനും ട്രായ്  തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയില്‍ ഇടപെട്ടാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനമാകെ ബാധിക്കപ്പെടുമെന്ന ആശങ്ക ട്രായിക്കുണ്ട്. 

അടിസ്ഥാന കോള്‍ നിരക്കുകള്‍ ഏര്‍പ്പെടുത്താനും തല്‍ക്കാലം ട്രായി ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരക്ക് വര്‍ധന പരിധി ലംഘിക്കപ്പെടുമ്പോള്‍ മാത്രം ഇടപെടുക എന്നതാണ് ട്രായി എടുത്തിരിക്കുന്ന സമീപനം.കഴിഞ്ഞ മൂന്ന് വര്‍ഷമായി കോള്‍ നിരക്കുകള്‍ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടില്ല.എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്ന കാര്യം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോള്‍ നിരക്കുകള്‍ 30 ശതമാനം മുതല്‍ 45 ശതമാനം വരെയും ഡേറ്റാ നിരക്കുകള്‍ 200 ശതമാനം വരെയും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ വര്‍ധിക്കുമെന്നാണ് സൂചന. 

സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ ടെലികോം കമ്പനികള്‍ നിശ്ചിത തുകയടക്കണമെന്ന കോടതി വിധി വന്നതോടെ  എയര്‍ടെല്ലും, വൊഡാഫോണ്‍ – ഐഡിയയും ആകെ 74,000 കോടി രൂപ നഷ്ടത്തിലാണ്.