ഇനി കുറഞ്ഞ ചിലവിൽ മെഡിക്കൽ ഉപകരണങ്ങൾ; നിര്‍മാണ പാര്‍ക്കുകള്‍ക്ക് അനുമതി

രാജ്യത്ത് കേരളമുള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ പാര്‍ക്കുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇതോടെ കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്ത് ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷ.

കേരളം, തെലങ്കാന,തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മെഡിക്കല്‍ ഉപകരണ നിര്‍മാണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.ലോകോത്തര നിലവാരത്തിലുളള മെഡിക്കല്‍ ഉപകരണങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍. കേരളത്തില്‍ തിരുവനന്തപുരം പളളിപ്പുറം തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഏഷ്യയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.70000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഒരു വര്‍ഷം രാജ്യത്ത് വിറ്റുപോകുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഭൂരിഭാഗവും നിലവില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. 

ഈ പശ്ചാത്തലത്തില്‍ ആണ് ആഭ്യന്തര തലത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. നിലവില്‍ നാല് സംസ്ഥാനങ്ങളിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഗുജറാത്തും, ഉത്തരാഖണ്ഡും മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.