സാമ്പത്തിക വളർച്ച കുറഞ്ഞ നിരക്കിൽ; വിദേശ നിക്ഷേപകർ രാജ്യം വിടുന്നു

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം അതിവേഗം പിന്‍വലിക്കുന്നതായി കണക്കുകള്‍. മൂന്ന് മാസം കൊണ്ട്  31,500 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപം കുമിഞ്ഞു കൂടുകയായിരുന്നു. സെന്‍െസക്സും നിഫ്റ്റിയും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറി. ആറ് വര്‍ഷം കൊണ്ട്  3.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശത്ത് നിന്നും എത്തിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇതിന്‍റെ പത്ത് ശതമാനം തുക ഇവര്‍ പിന്‍വലിച്ചു. 31,500 കോടി രൂപയാണ് ഇങ്ങനെ വിപണികളില്‍ നിന്നും പുറത്തേക്ക് ഒഴുകിയത്. 1999ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം തുക വിദേശ നിക്ഷേപകര്‍ കുറഞ്ഞ കാലയളവിനുളളില്‍ വിറ്റൊഴിക്കുന്നത്. 2013 ന് ശേഷമുളള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നതിനാല്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയിലുളള വിശ്വാസം നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍

വാഹന വില്‍പന കുറഞ്ഞതും, മൂലധന നിക്ഷേപം ഇടിഞ്ഞതും, തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായും വിദേശ നിക്ഷേപകര്‍ ഇന്ത്യ വിടുന്നതിനിടയാക്കി.  മൊത്ത ആഭ്യന്തര ഉല്‍പാദന  നിരക്ക് തിരിച്ചു പിടിക്കുകയും സമ്പദ്‍വ്യവസ്ഥയില്‍ ഘടനാ പരമായ മാറ്റം വരുത്തുകയും ചെയ്താല്‍ മാത്രമേ നിക്ഷേപരെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.