ആഗോള സാമ്പത്തിക മാന്ദ്യം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് അമേരിക്ക

അടുത്ത വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായേക്കുമെന്ന ആശങ്കകള്‍ക്കിടെ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും മാന്ദ്യം ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യഭീഷണിയിലാണ്.2008 ന് സമാനമായ രീതിയിലുളള അവസ്ഥയിലേക്കാണ് ആഗോള സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്നാണ് ആശങ്ക. വാഹന മേഖലയും, ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയും നേരിടുന്ന തകര്‍ച്ച മാന്ദ്യത്തിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും മാന്ദ്യത്തിനുളള സാഹചര്യമില്ലെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്  പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന വ്യാപാരയുദ്ധ  വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. വ്യാപാരയുദ്ധത്തില്‍ ചൈന കരാറിന് തയ്യാറായാലും താനതിന് ഒരുക്കമല്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ് വ്യവസ്ഥകള്‍ കടുത്ത പ്രതിസന്ദിയിലേക്ക് നീങ്ങുന്നതായാണ് സൂചന. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി,യുകെ എന്നി രാജ്യങ്ങള്‍ക്ക് തൊട്ടു പിന്നാലെ ആറാം സ്ഥാനത്തുളള ഫ്രാന്‍സും ഏഴാം സ്ഥാനത്തുളള ഇന്ത്യയിലും സാമ്പത്തിക മാന്ദ്യ ഭീഷണിയുണ്ട്