ചായക്കോപ്പകള്‍ നിറച്ച് ഇന്ത്യ; തേയില ഉൽപാദനത്തിൽ വളർച്ച

ലോകത്തെ ചായക്കോപ്പകള്‍ നിറച്ച് ഇന്ത്യ. പ്രധാന തേയില ഉല്‍പാദക രാജ്യങ്ങളായ കെനിയയിലും ശ്രീലങ്കയിലും ഉല്‍പാദനം കുറഞ്ഞപ്പോള്‍ വിപണിയിലുണ്ടായ വിടവ് നികത്തുന്നത് ഇന്ത്യയാണ്.

വരള്‍ച്ച കാരണം കെനിയയില്‍ നിന്നും പ്രളയം കാരണം ശ്രീലങ്കയില്‍ നിന്നുമുളള തേയില രാജ്യന്താര വിപണിയിലേക്ക് എത്താതിരുന്നപ്പോള്‍ പ്രതിസന്ധി പരിഹരിച്ചത് ഇന്ത്യന്‍ തേയിലയാണ്. പ്രതികൂല കാലാവസ്ഥ കാരണം കെനിയയിലെ തേയില ഉല്‍പാദനം 9 ശതമാനവും ശ്രീലങ്കയിലേത് 3 ശതമാനവുമാണ് കുറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ തേയില ഉല്‍പാദനം 7 ശതമാനത്തോളം കൂടുകയാണ് ചെയ്തത്. 

2018ല്‍ 323 ദശലക്ഷം കിലോ ഗ്രാമാണ് ഇന്ത്യയുടെ തേയില ഉല്‍പാദനം. പക്ഷെ കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയം കാരണം ദക്ഷിണേന്ത്യയിലെ തേയില ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞു. ഉത്തരേന്ത്യയിലെ ഉല്‍പാദനം വര്‍ധിച്ചതാണ്  ആകെയുളള ഉല്‍പാദനം ഉയരാന്‍ സഹായിച്ചത്. ദക്ഷിണേന്ത്യയിലെ തേയില ഉല്‍പാദനത്തില്‍ 13 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്.

ഉത്തരേന്ത്യയിലെ ഉല്‍പാദനം അതേ സമയം 14 ശതമാനം ഉയരുകയും ചെയ്തു. 2018ല്‍ കേരളത്തില്‍ മാത്രം  1.5 കോടി കിലോയുടെ ഉല്‍പാദന നഷ്ടമുണ്ടായി. ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലുണ്ടായ അതി ശൈത്യവും തേയില ഉല്‍പാദനത്തെ ബാധിച്ചു. 1000 ഹെക്ടര്‍ സ്ഥലത്തെ ബാധിച്ച ശൈത്യം മൂലം 10 ലക്ഷം കിലോ തേയിലയുടെ കുറവുണ്ടായതായാണ് വിലയിരുത്തല്‍