'സിറിയ' വില്ലനായി! കാത്തലിക് സിറിയൻ ബാങ്ക് ഇനി മുതൽ സിഎസ്ബി

ഒരു പേരിൽ എന്തിരിക്കുന്നുവെന്നല്ല, എന്താണില്ലാത്തതെന്ന് ഇനി കാത്തലിക് സിറിയൻ ബാങ്കിനോട് ചോദിക്കണം. പേരിലെ 'സിറിയ' വിനയായതോടെ ബാങ്കിന്റെ പേര് വരെ മാറ്റാൻ അധികൃതർ നിർബന്ധിതരായി. സിറിയൻ എന്ന് പേരിൽ കണ്ടതോടെ സിറിയയിൽ നിന്നുള്ള ഏതോ ബാങ്കാണെന്നും ഭീകരവാദികളുമായി ബന്ധമുണ്ടെന്നുമുള്ള തരത്തിൽ വിദേശത്ത് നിന്നും പ്രചരിച്ച വാർത്തകളാണ് കാത്തലിക് സിറിയൻ ബാങ്ക് 'സിഎസ്ബി' ആയി മാറിയതിന് പിന്നിൽ. പേരിലെ സിറിയ കാരണം വിദേശത്തുള്ള ഇന്ത്യക്കാർക്ക് ബാങ്കിൽ നിക്ഷേപം നടത്തുന്നതിനും മറ്റും തടസം നേരിട്ടു. വിദേശ ബാങ്കുകളാണ് ആദ്യം ഈ സംശയം ഉയർത്തിയത്. 

ബാങ്കിന്റെ പ്രധാന നിക്ഷേപങ്ങളെല്ലാം വിദേശ ഇന്ത്യാക്കാരിൽ നിന്നായത് കൊണ്ട് 2015 ൽ തന്നെ  പേര് മാറ്റത്തിന് ആർബിഐയെ സമീപിക്കുകയാണ് ചെയ്തതെന്ന് ബാങ്ക് അധികൃതർ പറയുന്നു. പേരിലെ പ്രശ്നം കാരണം വിദേശത്തേക്ക് കയറ്റുമതി- ഇറക്കുമതി നടത്തുന്ന ചില വ്യവസായികൾക്കും ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുണ്ട്.  ക്രെഡിറ്റ് കാർഡ് മറ്റ് രാജ്യങ്ങൾ സ്വീകരിക്കാതിരുന്നതായും പരാതി ഉയർന്നിരുന്നു. 

സിറിയയിൽ നിന്നുള്ള പണമിടപാടുകൾക്ക് കടുത്ത നിയന്ത്രണമാണ് പല വിദേശരാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലെ രാജ്യാന്തര സാഹചര്യങ്ങൾ പരിഗണിച്ചതോടെ പേര് മാറാൻ ആർബിഐ സമ്മതം മൂളി. ഇതോടെ കഴിഞ്ഞ മാസം പത്താം തിയതി മുതൽ സിഎസ്ബി എന്നാണ് അറിയപ്പെടുന്നത്. സിറിയയ്ക്ക് പിന്നിലെ കാത്തലികും ബാങ്കിന് പണി കൊടുത്തുവെന്നതാണ് മറ്റൊരു കാര്യം. കത്തോലിക്കർക്കുള്ള ബാങ്കാണെന്ന് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു പ്രത്യേക വിഭാഗത്തിനായും ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.