ഒക്ടോബറിന് ശേഷം ശമ്പളം കൊടുക്കാന്‍ പണമില്ലാതെ എയര്‍ ഇന്ത്യ; ബജറ്റില്‍ പ്രതീക്ഷ

ഒക്ടോബര്‍ മാസത്തിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ എയര്‍ ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം മൂന്ന് മാസത്തെ ആവശ്യങ്ങള്‍ക്ക് മാത്രമേ തികയൂ. വരുന്ന ബജറ്റില്‍ സഹായമെന്തെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍ഇന്ത്യ. 

7000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ഇന്ത്യക്ക് നല്‍കിയത്. ഇതില്‍ ഇനി ബാക്കിയുളളത് 2500 കോടി രൂപ മാത്രം. ഇന്ധനം വാങ്ങിയ വകയില്‍ എണ്ണ കമ്പനികള്‍ക്കും , എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കാനുളള പണം കിഴിച്ചാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ജീവനക്കാര്‍ക്ക് ശമ്പളം കൂടി നല്‍കാനുളള തുക മാത്രമാണ് ഇതില്‍ ബാക്കിയുണ്ടാവുക. ഒക്ടോബറിന് ശേഷം  എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുമെന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. 300 കോടിയാണ് എയര്‍ ഇന്ത്യയുടെ പ്രതിമാസ ശമ്പള ചിലവ്. ഇത് തന്നെ വൈകിയാണ് നല്‍കുന്നത്. വരുന്ന ബജറ്റില്‍ എയര്‍ഇന്ത്യയ്ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. 58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം.എയര്‍ഇന്ത്യാ ഓഹരി വില്‍ക്കുന്നതിനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.