ഈടില്ലാതെ 20 ലക്ഷം വരെ വായ്പ നൽകണം; വിദഗ്ധ സമിതി ശുപാര്‍ശ

ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ക്കുളള വായ്പ ഇരട്ടിയാക്കണമെന്ന് റിസര്‍വ് ബാങ്ക് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. വായ്പയുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ അനുവദിക്കുന്ന വായ്പ നിലവില്‍ പരമാവധി 10 ലക്ഷമാണ്. ഇത് പരമാവധി 20 ലക്ഷമാക്കണമെന്നാണ് ആർ.ബി.ഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.മുദ്ര പദ്ധതിയിലൂടെ നല്‍കുന്ന വായ്പകള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയിലും ഈ മാനദണ്ഡം പാലിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

2010 ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവ് പ്രകാരം ഈടില്ലാതെ 10 ലക്ഷം രൂപ വരെ മാത്രമേ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പയായി നല്‍കാനാകൂ. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ആർ.ബി.ഐ അംഗീകരിക്കുകയാണെങ്കില്‍ ഇത് 20 ലക്ഷം രൂപയായി ഉയരും. 

ചെറുകിട - ഇടത്തരം വ്യവസായ മേഖലയുടെ പുരോഗതിയെ കുറിച്ച് പഠിക്കുന്നതിനായാണ് ആർ.ബി.ഐ എട്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇത്തരം സംരംഭങ്ങളുടെ നിലനില്‍പിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിരവധി നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിച്ചിട്ടുണ്ട്.