ഇന്ധനവില പൊള്ളുന്നു; പെട്രോളിന് 75 രൂപ കവിഞ്ഞു

തിരഞ്ഞെടുപ്പ് ചൂടിനിടയിലും ഇന്ധനവില ഉയരുന്നു. പെട്രോള്‍ ലിറ്ററിന് എഴുപത്തിയഞ്ച് രൂപ കവിഞ്ഞു. ഡീസല്‍ എഴുപതിലേക്കും എത്തി. അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് കാരണമെന്ന്  എണ്ണക്കമ്പനികള്‍ വാദിക്കുമ്പോഴും ഇതിന് ആഴ്ചകളായി മാറ്റമില്ലെന്നതാണ് യാഥാര്‍ഥ്യം.

ജനുവരി ഒന്നിന്  70 രൂപ 63 പൈസയായിരുന്നു കോഴിക്കോട്ടെ പെട്രോള്‍ വില. ഡീസല്‍ ആകട്ടെ 66 രൂപ 32 പൈസ. എന്നാലിപ്പോള്‍   പെട്രോള്‍ 74 രൂപ 96 പൈസയിലെത്തി. ഡീസലിന് 70 രൂപ 37 പൈസയും. പെട്രോള്‍ വില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും ഇന്ധന വില ഉയരുന്നതില്‍ രോഷത്തിലാണ് സാധരണക്കാര്‍. വിലനിര്‍ണായധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്നും ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ ആവശ്യപ്പെടുന്നു. 

ഇന്ധന വിലവര്‍ധനവ് കുടുംബ ബജറ്റിനെയും താളം തെറ്റിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് നികുതിയിളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. 

രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിലാണ് വില കയറുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍ 67 ഡോളറെന്ന വില ഏതാനും ആഴ്ച്ചകളായി വലിയ മാറ്റമില്ലാതെ തുടരുകയാണെന്നതാണ് യാഥാര്‍ഥ്യം.