രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം; കണക്കുകളും പ്രതീക്ഷകളും

ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞതും വ്യാവസായികോല്‍പാദനം കൂടിയതും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുണയാകുമെന്ന് വിദഗ്ധര്‍. പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് വഴിയൊരുക്കുന്നതാണ് ഇന്നലെ വൈകിട്ട് പുറത്തുവന്ന പുതിയ ഡാറ്റകള്‍. തിരഞ്ഞെടുപ്പുകാലത്ത് ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്യും.  

കഴിഞ്ഞ ഡിസംബറില്‍ 2.4 ശതമാനമാണ് രാജ്യത്തെ വ്യാവസായികോല്‍പാദനം. നവംബറില്‍ വെറും അര ശതമാനമായിരുന്നു ഐഐപി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഡിസംബറില്‍ 2.11 ശതമാനമായിരുന്നത് ജനുവരിയില്‍ 2.05 ശതമാനമായും കുറഞ്ഞു. റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയിരുന്നതാകട്ടെ നാലു ശതമാനവും. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി കാല്‍ ശതമാനം നിരക്ക് കുറച്ച ആര്‍ബിഐയ്ക്ക്, മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുന്നുവെന്നര്‍ഥം. അടിസ്ഥാന നിരക്കുകള്‍ അര ശതമാനം കൂടി കുറച്ചാലും തെറ്റുപറയാനാകില്ല.  

പ്രധാനമായും ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് നാണ്യപ്പെരുപ്പം താഴെ നിലവാരത്തിലേക്ക് പോകാന്‍ ഇടയാക്കിയത്. ഇനിയങ്ങോട്ട് വില നിലവാരം താഴ്ന്നുതന്നെയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. വായ്പാപലിശകള്‍ കുറയുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിനുമുന്‍പ് സാമ്പത്തിക രംഗത്ത് പണലഭ്യത കൂടുന്നത് വ്യാവസായിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.