ഇന്ത്യയില്‍ സമ്പത്ത് ഒരുവിഭാഗത്തിന്റെ കയ്യിലേക്ക്; അതിസമ്പന്നരുടെ സ്വത്ത് വർധന 39 ശതമാനം

ഇന്ത്യയില്‍ സമ്പത്ത് ഒരു കൂട്ടരിലേക്ക് തന്നെ കേന്ദ്രീകരിക്കുന്നുവെന്ന് പഠനം. അതിസമ്പന്നരായ ഒരു ശതമാനം ജനതയുടെ സ്വത്ത് വര്‍ധിച്ചത് 39 ശതമാനം.  രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണിത്.  

ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ജനതയുടെ  സ്വത്ത് 39 ശതമാനം വര്‍ധിച്ചപ്പോള്‍ ആകെ ജനസംഖ്യയുടെ പകുതിയുടെയും സ്വത്ത് കൂടിയതാകട്ടെ കേവലം മൂന്നു ശതമാനം മാത്രം. ഓക്സ്ഫാം നടത്തിയ പഠനത്തിലാണ് അമ്പരപ്പുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍. അതിസമ്പന്നരായ ഈ ഒരു ശതമാനം ഇന്ത്യക്കാരുടെ സ്വത്ത് പ്രതിദിനം രണ്ടായിരത്തി ഇരുനൂറ് കോടി രൂപ വച്ചാണ്  വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തിലെ പ്രതിദിന വര്‍ധന 18,000 കോടി രൂപയും. ജനസംഖ്യയുടെ പത്തുശതമാനം വരുന്ന പതിമൂന്ന് കോടി 60 ലക്ഷം ഇന്ത്യക്കാര്‍ 2004 മുതല്‍ കടക്കാരായി തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ജനസംഖ്യയില്‍ പകുതിയുടേയും സ്വത്ത് 11 ശതമാനം കുറയുകയും ചെയ്തു.

ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായാണ് മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമ്പത്തിലെ ഈ അന്തരം ആഗോള തലത്തില്‍ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുകയാണ്. സമ്പന്നരായ പത്തുശതമാനം ജനതയാണ് രാജ്യത്തിന്റെ മുക്കാല്‍ ഭാഗം സ്വത്തും കയ്യാളുന്നത്. ഇന്ത്യയില്‍ സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിലേക്ക് കുമിഞ്ഞു കൂടുന്നത് ധാര്‍മികമായി അംഗീകരിക്കാനാകാത്തതെന്നാണ് ഓക്സ്ഫാം എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിന്നി ബ്യാന്നിമയുടെ അഭിപ്രായം. 

ആഗോള ജനസംഖ്യയുടെ മുന്നൂറ് കോടി 80 ലക്ഷം പേര്‍ക്കുള്ള അത്രയും സ്വത്ത് 26 അതിസമ്പന്നര്‍ക്കുണ്ടെന്ന് ഓക്സ്ഫാം പറയുന്നു. കഴിഞ്ഞ വര്‍ഷം 44 പേര്‍ക്കായിരുന്നു ഇത്രയും സ്വത്തുണ്ടായിരുന്നത്. ഏറ്റവും സമ്പന്നനായ ജെഫ് ബിസോസിന്റെ ആകെ സ്വത്തിന്റെ ഒരു ശതമാനം മാത്രം മതി എത്യോപ്യയുടെ ആകെ ആരോഗ്യ ബജറ്റിനുള്ള തുക.