രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്; ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

വനിതാ ജീവനക്കാര്‍ മാത്രമായുള്ള രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജിലെ ത്രിതല ക്യാന്‍സര്‍ സെന്‍ററും നാടിന് സമര്‍പ്പിച്ചു.  

കോഴിക്കോടിന് ഒരു പൊന്‍തൂവല്‍ കൂടി. രാജ്യത്തെ ആദ്യ വനിതാ പൊലിസ് സ്റ്റേഷന്‍ സ്ഥാപിച്ച കോഴിക്കോട്, രാജ്യത്തെ ആദ്യ വനിതാ മാളും പ്രവര്‍ത്തനം തുടങ്ങി. അഞ്ച് നിലകളിലായി 36000 ചതുരശ്ര അടിയിലാണ് കെട്ടിടം ഉയര്‍ന്നത്. ‌സുരക്ഷാ ജീവനക്കാര്‍ മുതല്‍ മാനേജര്‍മാര്‍ വരെ വനിതകളാണ്. ലോകത്തിന് തന്നെ മാതൃകയായ സംരഭമെന്നാണ് മുഖ്യമന്ത്രി മഹിളാമാളിനെ വിശേഷിപ്പിച്ചത്. 

. ആരോഗ്യമേഖലയില്‍ മലബാറിന്‍റെ ചിരകാലസ്വപ്നവും പൂവണിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ത്രിതല ക്യാന്‍സര്‍ സെന്‍റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. നാല്‍പ്പത്തിനാലര കോടി രൂപയാണ് ചിലവ്. തിരുവനന്തപുരം ആര്‍സിസിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ക്യാന്‍സര്‍ സെന്റര്‍ വലിയ ആശ്വാസമാകും.