പേപ്പര്‍ വില ഉയരുന്നു; അച്ചടിവ്യവസയം പ്രതിസന്ധിൽ

അച്ചടിവ്യവസായത്തെ പ്രതിസന്ധിയിലാക്കി പേപ്പര്‍ വില ഉയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇരുപത്തിയഞ്ച് ശതമാനമാണ് പേപ്പര്‍ വില കൂടിയത്. രൂപയുടെ മൂല്ല്യത്തകര്‍ച്ചയും ഇറക്കുമതി ചെലവ് വര്‍ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.  

കേട്ടാല്‍ നിസാരമെന്ന് തോന്നുമെങ്കിലും ഇതാണ് വാസ്തവം. പെട്രോളിനും ഡീസലിനും ഒപ്പം പേപ്പര്‍വിലയും വര്‍ധിക്കുകയാണ്. മൊത്ത വിപണിയില്‍ കിലോയ്ക്ക് അറുപതു രൂപയായിരുന്ന പേപ്പറിന് ഇപ്പോള്‍ എഴുപത് രൂപയാണ് വില. അതായത്, അഞ്ഞൂറ് ഷീറ്റുള്ള ഒരു പേപ്പര്‍ കെട്ടിന് അറുന്നൂറ്റിയമ്പത് രൂപ നല്‍കണം. എ ഫോര്‍ ഷീറ്റുകള്‍ക്കാണെങ്കില്‍ അത് ആയിരത്തി എഴുന്നൂറു രുപയാകും. കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് വില ഈവിധം വര്‍ധിച്ചത്. 

കലണ്ടറിന്റെയും ഡയറിയുടേയും അച്ചടിയ്ക്കുള്‍പ്പെടെ വിപണിയില്‍ പേപ്പറിന് ആവശ്യമേറെയാണ്. കേരളത്തിലെ പേപ്പര്‍ ഫാക്ടറികളില്‍ ഉല്‍പാദനം കുറഞ്ഞത് പേപ്പര്‍ ക്ഷാമത്തിന് ആക്കം കൂട്ടിയെന്നും വ്യാപാരികള്‍ പറയുന്നു.