ഒമാനിലേക്കുള്ള യാത്രാനിരക്കിൽ ഇളവ്; നോർക്കയുടെ പദ്ധതിക്ക് തുടക്കമായി

പ്രവാസിമലയാളികള്‍ക്കായി ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പദ്ധതിക്ക് തുടക്കമായി. നോര്‍ക്ക ഫെയര്‍ എന്ന പേരിലുള്ള പദ്ധതി വഴി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവാണ് നല്‍കുന്നത്. 

വിമാനടിക്കറ്റിന്റെ അടിസ്ഥാനനിരക്കില്‍ ഏഴുശതമാനം ഇളവനുവദിക്കുന്ന പദ്ധതിയാണ് നോര്‍ക്ക വിങ്സ്. നോര്‍ക്ക റൂട്ട്സ് നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും 18 വയസുതികയാത്ത കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. നോര്‍ക്ക റൂട്സിന്റെയും ഒമാന്‍ എയറിന്റെയും വെബ് സൈറ്റുകള്‍വഴി ഈ സൗകര്യം ഉപയോഗിക്കാം. ഡിസംബര്‍ 31 വരെ നോര്‍ക്ക ഫെയര്‍ പദ്ധതിക്ക് പ്രാബല്യമുണ്ടാകും. നാലുലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ക്ലാസുകളിലും എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭിക്കും.കൂടുതല്‍ എയര്‍ലൈനുകളുമായി സമാനമായ രീതിയില്‍ കരാറിലെത്താനാണ് നോര്‍ക്ക റൂട്ട്സിന്റെ ശ്രമം. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.കേരളത്തില്‍ ഒമാന്‍ എയറിന്റെ ആറ് ഫ്ളൈറ്റുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്.