10 ലക്ഷം കോടി കിട്ടാക്കടം;പരിഷ്കരണങ്ങള്‍ തിരിച്ചടിയായി;ബാങ്കിങ് രംഗം കടുത്ത പ്രതിസന്ധിയിൽ

ദേശസാല്‍ക്കരണം നടന്ന് അമ്പതാണ്ടെത്തുമ്പോള്‍ ഇന്ത്യന്‍ ബാങ്കിങ് രംഗം കടന്നുപോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ. പത്തുലക്ഷം കോടിയോളം രൂപയാണ് കിട്ടാക്കടം. വന്‍കിട കോര്‍പറേറ്റുകളുടെ വായ്പാ തട്ടിപ്പും എഫ്.ഡി.ആര്‍.ഐ ബില്ലും ബാങ്കുകളെ ജനം സംശയിക്കാന്‍ ഇടയാക്കി. തൊണ്ണൂറുകള്‍ക്ക് ശേഷം ബാങ്കിങ് മേഖലയില്‍ നടന്ന പരിഷ്കരണങ്ങളാണ് തിരിച്ചടിയായതെന്ന് വിമര്‍ശനമുയരുന്നു. 

വന്‍കിട ബാങ്കുകള്‍ മൂക്കുകുത്തിവീണ 2007ലെ സബ്പ്രൈം ക്രൈസിസിന്റെ സമയത്തും ആര്‍.ബി.ഐ നിയന്ത്രണത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന ഇന്ത്യന്‍ ബാങ്കുകള്‍ സാമ്പത്തികവിദഗ്ധര്‍ക്ക് അത്ഭുതമായിരുന്നു. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം പത്തുലക്ഷം കോടിരൂപയുടെ കിട്ടാക്കടത്തില്‍ വലയുകയാണ് ഇന്ത്യന്‍ ബാങ്കിങ് രംഗം. ഇതില്‍ രണ്ടരലക്ഷം കോടിരൂപയുടെ കിട്ടാക്കടവും വരുത്തിയിരിക്കുന്നത് 12 വന്‍കിടകമ്പനികള്‍ ചേര്‍ന്നാണ്. ഇന്ത്യയിലെ ബാങ്കുകളെല്ലാം കൂടി നല്‍കിയിരിക്കുന്നത് 86 ലക്ഷം കോടിരൂപയുടെ വായ്പയാണ്. ഇതിന്റെ 53 ശതമാനവും 500 കോടി രൂപയ്ക്ക് മുകളിലുള്ള വന്‍കിട വായ്പകളാണ്.

1969ലെ ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കും കാര്‍ഷികമേഖലയിലേക്കും വായ്പകളെത്തിച്ചെങ്കില്‍ 91ലെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കു ശേഷം ബാങ്കുകള്‍ കോര്‍പറേറ്റുകളോടാണ് അടുത്തത്. 

പ്രതിസന്ധിയെ നേരിടാന്‍ വന്‍കിട പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ എസ്.ബി.ഐയെ അനുബന്ധബാങ്കുകളുമായി ലയിപ്പിച്ചതിന് പിന്നാലെ സര്‍വീസ് ചാര്‍ജുകളും പിഴകളും കുത്തനെ ഉയര്‍ത്തിയത് വ്യാപകമായ എതിര്‍പ്പിനിടയാക്കി.

വിജയ് മല്യ, നീരവ് മോദി തുടങ്ങിയവ്യവസായികള്‍ മൂലമുണ്ടായ കോടികളുടെ നഷ്ടം പരിഹരിക്കാന്‍ ബാങ്കുകള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നാണ് വിമര്‍ശനം. ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ സംശയത്തിലാക്കുന്ന എഫ്.ഡി.ആര്‍.ഐ ബില്ലും ജനം ആശങ്കയോടെയാണ് കാണുന്നത്.