വാണിജ്യ–വ്യവസാ മേഖലയിലുള്ള ശുഭാപ്തിവിശ്വാസം ഇടിയുന്നു

രാജ്യത്തെ വാണിജ്യ–വ്യവസാ മേഖലയിലുള്ള ശുഭാപ്തിവിശ്വാസം ഇടിയുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ഒപ്റ്റിമിസം ഇന്‍ഡെക്സില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ഗ്രാന്‍റ് തോന്റന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ പതിനഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് വ്യവസായ ശുഭാപ്തിവിശ്വാസം. 

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രാജ്യത്തെ ബിസിനസ് ഒപ്റ്റിമിസം, 2014നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പഠനത്തില്‍ പറയുന്നു. ഉയരുന്ന എണ്ണവിലയും, രൂപയുടെ മൂല്യത്തിലെ ഇടിവും മൂലം കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദം മുതല്‍ ഇന്ത്യ താഴോട്ടാണ്. ഇക്കൊല്ലം ആദ്യ പാദത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചതാകട്ടെ 89 പോയിന്റ്. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ഇന്തൊനീഷ്യ, നെതര്‍ലന്‍ഡ്സ്, അമേരിക്ക എന്നീരാജ്യങ്ങളാണ് മുമ്പില്‍. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ആഗോള ബിസിനസ് ഒപ്റ്റിമിസം ഇന്‍ഡെക്സില്‍ ഇന്ത്യ ഒന്നാമതായിരുന്നു. വ്യവസായങ്ങളുടെ വരുമാനം, ലാഭം, തൊഴില്‍, കയറ്റുമതി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തുന്നത്. ചുവപ്പുനാടകള്‍, വിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ്, അടിസ്ഥാനസൗകര്യങ്ങളിലെ കുറവ്, പണത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയവ രാജ്യത്തെ വാണിജ്യ വ്യവസായ വികസനത്തിന് തടസം സൃഷ്ടിക്കുന്നു. 37 രാജ്യങ്ങളിലെ 2,500 ബിസിനസ് സ്ഥാപനങ്ങളില്‍ പഠനം നടത്തിയാണ് ബിസിനസ് അഡ്വൈസറി സ്ഥാപനമായ ഗ്രാന്‍റ് തോണ്‍ടന്‍, ഇന്‍റര്‍നാഷണല്‍ ബിസിനസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.