ലംബോർഗിനിയുടെ എസ്.യു.വി ഉറൂസ് ഇന്ത്യൻവിപണിയിൽ

ഇറ്റാലിയൻ വാഹനനിർമാതാക്കളായ ലംബോർഗിനിയുടെ എസ്.യു.വി ഉറൂസ് ഇന്ത്യൻവിപണിയിൽ. ആഢംബരവും കരുത്തും സംയോജിക്കുന്ന ഉറുസിൻറെ ഇന്ത്യയിലെ ആദ്യലോഞ്ച് മുംബൈയിൽ നടന്നു. ‌‌‌രാജ്യാന്തരവിപണിയില്‍ അരങ്ങേറ്റംകുറിച്ച് ഒരുമാസത്തിനുള്ളിലാണ് ഉറൂസ് ഇന്ത്യയിലെത്തുന്നത്. മൂന്നുകോടിയോളമാണ് വില 

കാൽനൂറ്റാണ്ടിനുശേഷമാണ് സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയിൽനിന്ന് എസ്.യു.വി പരമ്പരയിലേക്ക് പുതിയ അംഗമെത്തുന്നത്. കൃത്യമായിപറഞ്ഞാൽ എൺപതുകളിൽ പുറത്തിറക്കിയ എൽ.എം002വിന് ശേഷം ആദ്യം. 

641ബിഎച്ച്പി കരുത്തും 850എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന, കമ്പനി പുതിയതായി വികസിപ്പിച്ചെടുത്ത 4.0ലിറ്റർ വി.8 എ‍ൻജിനാണ് ഉറുസിനുള്ളത്. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്. ഇതുവഴി എൻജിനിൽനിന്നുള്ള കരുത്ത് നാല് ചക്രങ്ങളിലേക്കുമെത്തും. മണിക്കൂറിൽ 306കിലോമീറ്ററാണ് പരമാവധിവേഗം. പൂജ്യത്തിൽനിന്നും നൂറുകിലോമീറ്റർ വേഗമെത്താൻവേണ്ടത് 3.6സെക്കൻറുമാത്രം. ഡ്രൈവിങ് മോഡുകൾ അഞ്ചെണ്ണം. നഗരം, ട്രാക്ക്, മണൽപ്രദേശം, ചെളി, മഞ്ഞ് എന്നിവയാണത്. ഓഫ്റോഡിലും കരുത്തനാണിവൻ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വ്യത്യസ്ത കാലാവസ്ഥകളില്‍ ഒരുപോലെ പെർഫോമൻസ് തെളിയിക്കും ഉറുസെന്നും, രാജ്യത്തെ വാഹനവിപണിയിൽ പ്രധാനയിടംകണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനിയുടെ ഏഷ്യാപസഫിക് ജനറൽമാനേജർ പറഞ്ഞു 

ഉറുസിലൂടെ രാജ്യാന്തരവിപണിയിലെ വിൽപന ഇരട്ടിയാക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.