ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിലാണ്  തീവ്രമായ ചൂടിനെ തുടര്‍ന്ന്  മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചവരെ മിക്കവാറും എല്ലാ ജില്ലകളിലും മഴകിട്ടാനും സാധ്യതയുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലപ്പുഴയില്‍ അതികഠിനമായ ചൂട് തുടരുകയാണ്. താപനില 38 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നു. ഇത് കണക്കിലെടുത്താണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പാലക്കാട് ചൂട് 39 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയരും. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38, കൊല്ലം കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളില്‍ 37, തിരുവനന്തപുരം മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെയും പകല്‍താപനില ഉയരും. 

ഇത് സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ കൂടുതലാണ്. ആലപ്പുഴയിലും കോഴിക്കോടും രാത്രി താപനിലയും ഉയരാനിടയുണ്ട്. ശനിയാഴ്ചവരെ സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴ വ്യാപകമായി കിട്ടും എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചൂടും ഈര്‍പ്പമുള്ള അന്തരീക്ഷവും ഇടവിട്ടമഴയും ചേര്‍ന്ന പ്രത്യേകമായ കാലാവസ്ഥാ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

Heat wave warning in Alappuzha; Yellow alert in 12 districts