കേജ്‌രിവാളിന്റെ ജാമ്യത്തില്‍ ഇന്ന് വിധിയില്ല; 20 വരെ കസ്റ്റഡിയില്‍ തുടരും

arvind-kejriwal-1
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്ന് ഇടക്കാല ജാമ്യം ലഭിക്കുമെന്ന് ആംആദ്മി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഉത്തരവ്  നല്‍കാതെ  സുപ്രീംകോടതി പിരി​ഞ്ഞു. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതിനെ ഇഡി കോടതിയില്‍ രൂക്ഷമായി എതിര്‍ത്തു. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയങ്ങളില്‍ ഒന്നാണ് ഡല്‍ഹി മദ്യ അഴിമതിയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റും.  ജാമ്യാപക്ഷേ നല്‍കാതെ അറസ്റ്റിനെ ചോദ്യംചെയ്തായിരുന്നു ആംആദ്മി പാര്‍ട്ടി മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പായതിനാല്‍ ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന നിര്‍ദേശം സുപ്രീംകോടതി തന്നെയാണ് കഴിഞ്ഞദിവസം മുന്നോട്ട് വെച്ചത്. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ വൈകിട്ട് രണ്ടേ മുക്കാല്‍ വരെ നടന്ന വാദത്തില്‍ ഇഡിക്കെതിരെ കോടതി പലതവണ വിമര്‍ശനം ഉയര്‍ത്തിയതോടെ ആംആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ കൂടിയിരുന്നു. കേസ് അന്വേഷണം തുടങ്ങി രണ്ടു വര്‍ഷത്തിന് ശേഷമുള്ള അറസ്റ്റിലും കോടതി സംശയം ഉയര്‍ത്തി. 

ഇടക്കാല ജാമ്യം പരിഗണിക്കുന്നതിനെ ഇഡിയും കേന്ദ്രസര്‍ക്കാരും ഒരേ പോലെ കോടതിയില്‍ എതിര്‍ത്തു.  നിരവധി സാധാരണക്കാരും ജയിലില്‍ കിടപ്പുണ്ടെന്നും സാധാരണക്കാരുടെ അവകാശങ്ങളെ ചെറുതായി കാണരുതെന്നും  ഇഡി കോടതിയില്‍ പറഞ്ഞു. സാധാരണക്കാര്‍ മുഖ്യമന്ത്രിയേക്കാള്‍ താഴെയാണോ എന്ന ചോദ്യം കേന്ദ്രസര്‍ക്കാരും ഉയര്‍ത്തി.   എന്നാല്‍ അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി പരാമര്‍ശിച്ചു.  അസാധാരണ സാഹചര്യമുണ്ടെന്നും തിരഞ്ഞെടുപ്പ് അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കി. സിസോദിയയുടെ അറസ്റ്റിന് മുന്‍പ് മുതലുള്ള കേസ് ഫയലുകള്‍ ഹാജരാക്കാനും ജസ്റ്റീസ് സജ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

ഉച്ചക്ക് രണ്ടരവരെ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞതോടെ ജാമ്യത്തില്‍ ഇന്ന് വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ വാദം വ്യാഴാഴ്ചയോ അടുത്താഴ്ചയോ തുടരുമെന്ന് സൂചിപ്പിച്ച് കോടതി പിരിയുകയായിരുന്നു. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയാലും ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കാനും ഫയലുകളില്‍ ഒപ്പിടാനോ കഴിയില്ലെന്ന് കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാവും അനുമതി നല്‍കുക.  അതിനിടെ കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വിചാരണക്കോടതി  ഈ മാസം 20 വരെ നീട്ടി.    എന്നാല്‍ ഇനിയും വാദം തുടരുമ്പോള്‍ ഇഡി  സുപ്രീംകോടതിയില്‍ നിലപാട് കടുപ്പിച്ചാല്‍ കോടതി ഇടക്കാല ജാമ്യം നിഷേധിക്കുമോ എന്ന ആശങ്കയും ആംആദ്മി പാര്‍ട്ടിക്കുണ്ട്  

Excise 'scam': Delhi court extends CM Arvind Kejriwal's judicial custody till May 20

MORE IN BREAKING NEWS
SHOW MORE