ഗോപിനാഥ് രവീന്ദ്രന് 2 വർഷം ശമ്പളമായി ലഭിച്ചത് 60 ലക്ഷം; കേസിനായി 33 ലക്ഷവും

സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്തായ പ്രഫസർ ഗോപിനാഥ് രവീന്ദ്രൻ രണ്ടു വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് അറുപത് ലക്ഷം രൂപ. പുനർനിയമനം നേടിയതു മുതൽ സുപ്രീംകോടതി പുറത്താക്കുന്നതുവരെയാണ് ഈ തുക നൽകിയത്. കേസ് നടത്തിപ്പിനായി മുപ്പത്തിമൂന്ന് ലക്ഷവും സർവകലാശാല ചെലവാക്കി.

2021 നവംബറിലായിരുന്നു കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രഫസർ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ തൽസ്ഥാനത്തുനിന്ന് സുപ്രീംകോടതി അദ്ദേഹത്തെ നീക്കം ചെയ്തു. 23 മാസത്തെ സർവീസ് കാലയളവിൽ അവസാനത്തെ ഒരു മാസത്തെ ശമ്പളമൊഴികെ 59.7 ലക്ഷം രൂപ ശമ്പളമായി സർവകലാശാല നൽകി. ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും പുനർനിയമന കേസ് നടത്തിപ്പിനായി മുപ്പത്തിമൂന്ന് ലക്ഷവും സർവകലാശാല ചെലവാക്കി. വി.സി. പുനർനിയമനം റദ്ദാക്കിയെങ്കിലും ശമ്പളം തിരിച്ചു പിടിക്കേണ്ടായെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Professor Gopinath Ravindran, who was removed from the post of Vice Chancellor of Kannur University, received sixty lakh rupees as salary in two years