അയോധ്യയെ ചൊല്ലി 'ഇന്ത്യ'യില്‍ കലഹം; വിട്ടുനില്‍ക്കുമെന്ന് മമതയും നിതീഷും ലാലുവും

അയോധ്യ ശ്രീരാമ ജന്മഭൂമി പ്രതിഷ്ഠച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസ് ഇപ്പോഴും നിലപാട് പരസ്യമാക്കിയിട്ടില്ല. മമത ബാനര്‍ജിയും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. സമാജ്‍വാദി പാര്‍ട്ടിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠ ദേശീയ വിഷയമാകുന്നതില്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞു.

പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, അയോധ്യയിലെ രാമക്ഷേത്രത്തിന് ദേശീയരാഷ്ട്രീയത്തിലുള്ള സ്വാധീനമാണ് പ്രതിപക്ഷ പാര്‍ട്ടികളെ വെട്ടിലാക്കുന്നത്. മതചടങ്ങ് ബിജെപി രാഷ്ട്രീവല്‍ക്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും സിപിെഎയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്ക്കരിച്ചാല്‍ തെറ്റായ സന്ദേശമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. സോണിയ ഗാന്ധിക്ക് ഉള്‍പ്പടെ ക്ഷണം ലഭിച്ചിട്ടുണ്ട്. രാമക്ഷേത്രത്തെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ കരുതലോടെയാകും തീരുമാനം. 

പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങ് ബിജെപിക്ക് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്നതാണ് മമത ബാനര്‍ജിയെയും നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും കുഴയ്ക്കുന്നത്. ചടങ്ങില്‍ പങ്കെടുത്താല്‍ ബിജെപിക്ക് ആയുധമാകുമെന്നാണ് എം.കെ സ്റ്റാലിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ ക്ഷണിച്ചാല്‍ പോകുമെന്നാണ് സമാജ്‍വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ പ്രക്ഷോഭത്തിന് മുന്‍നിരയിലുണ്ടായിരുന്നത് ശിവസേനയായിരുന്നുവെന്ന് ബിജെപിയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

Split in INDIA over ayodhya temple event