ക്രിസ്മസ് ആഘോഷങ്ങളില്‍ ലോകം; പാതിരാ കുര്‍ബാനകളില്‍ പങ്കെടുത്ത് ക്രൈസ്തവ സമൂഹം

Pope Francis celebrates Christmas Eve mass in St. Peter's Basilica at the Vatican

യേശു ജനിച്ച മണ്ണിൽ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങിമരിക്കുകയാണെന്ന്  ഫ്രാൻസിസ് മാർപാപ്പ. നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി നിരസിക്കപ്പെട്ടെന്ന് പോപ്പ് തന്‍റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ  ബത്‌ലഹേമില്‍ ഇക്കുറി കറുത്ത ക്രിസ്മസാണ്. പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള ബത്‌ലഹേം, ഇസ്രായേൽ ആക്രമണത്തിന്‍റെ  പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്. പുൽക്കൂട് ചത്വരത്തിൽ പതിവ് ക്രിസ്മസ് ട്രീ പോലുമില്ല. 

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ഭാഗമായുള്ള പാതിരാ കുർബാന നടന്നു. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ, സഭാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ  മുഖ്യ കാർമികത്വം വഹിച്ചു. കൊച്ചി കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ ചടങ്ങുകൾക്ക്  സഭ മെത്രാപൊലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്  മെത്രപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. 

മലങ്കര ഓർത്തഡോക്സ് സഭയിലെ ക്രിസ്മസ് പ്രാർത്ഥനാ ചടങ്ങുകൾ ദേവലോകത്തെ സഭ ആസ്ഥാനത്ത് നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ച് ക്രിസ്മസ് സന്ദേശം നൽകി. പള്ളി ചുറ്റിയുള്ള  പ്രദക്ഷിണത്തിലും തീ ജ്വാലാ ശുശ്രൂഷയിലും വിശുദ്ധ കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു 

"Tonight, Our Hearts Are In Bethlehem": Pope On Christmas Eve As Gaza War Rages