വി.എസ്.എസ്.സി പരീക്ഷാതട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ഹരിയാനയിലെ ഹിസാര്‍ ജില്ലയെന്ന നിഗമനത്തില്‍ അന്വേഷണം. ഹരിയാനയില്‍ നിന്ന് മാത്രം തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതിയത് 469 പേര്‍. കൂടുതല്‍പേര്‍ കോപ്പിയടിച്ചെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ നടന്ന പരീക്ഷ റദ്ദാക്കിയെന്ന് വി.എസ്.എസ്.സി അറിയിച്ചതായും പൊലീസ് പറഞ്ഞു.
അന്വേഷിക്കുംതോറും ഞെട്ടിക്കുന്ന തരത്തില്‍ ആഴമേറുന്നതാണ് തിരുവനന്തപുരത്ത് നടന്ന വി.എസ്.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും. ഇന്നലെ പിടിയിലായ ഗൗതം ചൗഹാന്‍ പരീക്ഷയെഴുതിയത് സുനില്‍കുമാര്‍ എന്ന പേരില്‍. മനോജ് കുമാര്‍ പരീക്ഷയെഴുതിയത് സുമിത്തിനുവേണ്ടിയും. പണം വാങ്ങിയാണ് ഇരുവരും പരീക്ഷയെഴുതാനെത്തിയത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റുകളും ബുക്ക് ചെയ്ത് നല്‍കിയിരുന്നു. ഇവരേ ചോദ്യം ചെയ്തതോടെ മറ്റ് നാല് പേര്‍ കൂടി പിടിയിലായി. ഇവരും കോപ്പിയടിച്ചെന്നാണ് നിഗമനം. പിടിയിലായവരെല്ലാം ഹരിയാനയിലെ ഹിസാര്‍ ജില്ലക്കാരാണ്. അതിനാല്‍ ഹിസാര്‍ കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റാണ് ഇതിന്റെ പിന്നിലെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തെ പത്ത് സെന്ററുകളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്ത 9000ത്തോളം പേരില്‍ 469 പേരും ഹരിയാനക്കാരാണ്. ഇത് തട്ടിപ്പ് വ്യാപകമെന്നതിന്റെ സൂചനയായാണ് പൊലീസ് കരുതുന്നത്. അതിനാല്‍ പരീക്ഷ പൂര്‍ണമായി റദ്ദാക്കാനാണ് ആലോചന. ഹിസാറിലെ പരീക്ഷ കോച്ചിങ് സെന്ററുകളാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് നിഗമനം. രാജ്യത്തെ മറ്റിടങ്ങളില്‍ നടന്ന പരീക്ഷകളിലും ഇവര്‍ സമാനതട്ടിപ്പ് നടത്തിയതായും സംശയിക്കുന്നുണ്ട്.