ചരിത്രനേട്ടം; പാരിസ് ഡയമണ്ട് ലീഗില്‍ ലോങ് ജംപില്‍ വെങ്കലം നേടി ശ്രീശങ്കര്‍

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് ലോങ്ങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന്‌ മൂന്നാം സ്ഥാനം. 8.09 മീറ്റർ മറികടന്നാണ് ശ്രീശങ്കർ മൂന്നാമതെത്തിയത്. നീരജ് ചോപ്രക്കും വികാസ് ഗൗഡയ്ക്കും ശേഷം ഡയമണ്ട് ലീഗിൽ ആദ്യമൂന്നുസ്ഥാനം നേടുന്ന താരമായി ശ്രീ. 

ആദ്യ രണ്ട് അവസരങ്ങളിലും എട്ടുമീറ്റര്‍ മറികടക്കാന്‍ കഴിയാതിരുന്ന ശ്രീശങ്കര്‍ മൂന്നാം അവസരത്തില്‍ 8.09 മീറ്റര്‍ കണ്ടെത്തിയതോടെ ഒന്നാം സ്ഥാനത്തേയ്ക്ക്. എന്നാല്‍ നാലാം അവസരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സൈമൺ എഹമ്മർ 8.11 മീറ്റര്‍ കണ്ടെത്തി ശ്രീയെ പിന്നിലാക്കി. അഞ്ചാം അവസരത്തില്‍ ഒളിംപിക്സ് ചാംപ്യന്‍ മിൽറ്റിയാഡിസ് ടെൻറ്റഗ്ലോ 8.13 മീറ്റര്‍ ചാടിയതോടെ ശ്രീശങ്കര്‍ മൂന്നാം സ്ഥാനത്തേയ്ക്ക്. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച വ്യക്തിഗത ദൂരമെങ്കിലും അതിനടുത്തെത്താന്‍ പാരിസിലായില്ല.  ഡയമണ്ട് ലീഗിലെ നേട്ടം ശ്രീശങ്കറിന്റെ ഒളിംപിക്സ് സ്വപ്നങ്ങൾക്ക് വേഗം കൂട്ടുമെന്ന് കുടുംബം. ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ മല്‍സരിക്കാനെത്തുന്ന ശ്രീശങ്കറിന് ലോക ചാംപ്യന്‍ഷിപ്പ് യോഗ്യതയാണ് ഇനി മുന്നിലുള്ള കടമ്പ