സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത്  അന്തരിച്ചു.  88 വയസായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ്  കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവൽ  ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്കാരം നാളെ പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

1971 ൽ സാറാ തോമസ് എഴുതിയ മുറിപ്പാടുകൾ എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കി. ഇതിന് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. അസ്തമയം എന്ന ചിത്രത്തിനും സാറാ തോമസ് ആണ് തിരക്കഥ ഒരുക്കിയത്. 1980ല്‍ പവിഴ മുത്ത് എന്ന സാറാ തോമസിന്റെ നോവലും സിനിമയായി. ജെയ്സി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽഭാസിയാണ്.

ലളിതാംബിക അന്തർജനം, മാധവിക്കുട്ടി എന്നിവരെപ്പോലെ മലയാളത്തിലെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്  സാറാ തോമസ്. വിവിധ ജീവിത സാഹചര്യങ്ങളിൽ മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രശനങ്ങളാണ് അവർ അന്വേഷിച്ചത്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. നാർമടിപ്പുടവ എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി വിവാഹിതയാകേണ്ടി വന്ന ബ്രാഹ്മണ യുവതിയാണ് കേന്ദ്ര കഥാപാത്രം. ദൈവമക്കൾ എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം. സ്വന്തം രചനകളിൽ ഏറെ പ്രിയപ്പെട്ട കൃതിയാണിതെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.