തരൂരിന് ഇരട്ടമുഖമെന്ന് മിസ്ത്രി; വിളിപ്പിച്ച് കണ്ട് സോണിയ

മധുസൂദന്‍ മിസ്ത്രി, ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ശശി തരൂരിന് ഇരട്ടമുഖമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. മാധ്യമങ്ങളോടും തിരഞ്ഞെടുപ്പ് അതോറിട്ടിയോടും തരൂർ രണ്ട് തരത്തിലാണ് പ്രതികരിച്ചതെന്നും പരാതികള്‍ തള്ളിക്കൊണ്ടുള്ള മറുപടി കത്തില്‍ മിസ്ത്രി വിമര്‍ശിച്ചു. അതേസമയം അധ്യക്ഷ സോണിയ ഗാന്ധി തരൂരിനെ വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തി. തരൂര്‍ മികച്ച വ്യക്തിത്വമാണെന്നും കഴിവിനനുസരിച്ചുള്ള പദവി നല്‍കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചപ്പോള്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ലെന്നായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ ശശി തരൂര്‍ തെറ്റിദ്ധാരണ പരത്തി എന്നാണ്  കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ വിമര്‍ശനം. പരാതികള്‍ പരിഗണിച്ചതില്‍ തൃപ്തി അറിയിച്ച തരൂര്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ തിരഞ്ഞെടുപ്പ് അതോറിട്ടി  ഗൂഢാലോചന നടത്തി എന്ന് പറയുന്നു. പരാതികള്‍ അടിസ്ഥാന രഹിതമാണെന്നും തരൂരിനയച്ച മറുപടി കത്തില്‍ മിസ്ത്രി വ്യക്തമാക്കി.  വോട്ടെണ്ണലിന് തലേദിവസമാണ് യുപി, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ മിസ്ത്രിക്ക് കത്ത് അയച്ചത്.  അതേസമയം  അനുകൂല പ്രതികരണമാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂരിന് ലഭിച്ചത്. അധ്യക്ഷ പദത്തിലേക്കുള്ള തരൂരിന്റെ സ്ഥാനാർഥിത്വം മത്സരം ശക്തമാക്കുകയും പാർട്ടിയെ ഉണർത്തുകയും ചെയ്തു എന്നാണ് ഗാന്ധി കുടുംബത്തിന്റെ വിലയിരുത്തൽ. തരൂര്‍ മികച്ച വ്യക്തിത്വമാണെന്നും 1000 വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.

ഇതിന് നേര്‍ വിപരീതമായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം. പുതിയ അധ്യക്ഷന്‍ നാമനി‍ദേശം ചെയ്യുന്ന 11 പ്രവർത്തക സമിതി അംഗങ്ങളിൽ ഒരാളായോ വര്‍ക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ നിയമിക്കുകയാണെങ്കില്‍ അതിലൊരാളായോ തരൂര്‍ വന്നേക്കും.

"One Face Before Us, Another Before Media": Congress Slams Shashi Tharoor