വിഭാഗീയതയുടെ ചൂട് കുറച്ചു; സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയിലെ പാലം

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന്റെ നയചാതുര്യം വ്യക്തമായത്. വിഎസ്–പിണറായി ഭിന്നത രൂക്ഷമായിരുന്ന കാലത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയിലെ പാലമായിരുന്നു അദ്ദേഹം. പലപ്പോഴും മറനീക്കിയ വിഭാഗീയതയുടെ ചൂട് കുറച്ചതും കോടിയേരിയുടെ ഫലപ്രദമായ ഇടപെടലുകളായിരുന്നു.

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്കുള്ളിലെ സമാധാനാന്തരീക്ഷവും മികച്ചരീതിയില്‍ കാത്തുസൂക്ഷിച്ചു. വാസ്തവത്തില്‍ വി.എസ്– പിണറായി വിജയന്‍ എന്നീ മഹാമേരുക്കളെ തമ്മില്‍ ബന്ധിപ്പിച്ച പാലമായിരുന്നു കോടിയേരി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വി.എസും പിണറായിയും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതുമുതല്‍ ഇരുനേതാക്കളും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ രൂക്ഷമാകുന്ന കാലമായിരുന്നു... പിന്നീട് . പാര്‍ട്ടി തീരുമാനം തിരുത്തി വി.എസ് മല്‍സരിച്ച് ജയിച്ച് 

കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി..പക്ഷേ സുപ്രധാനമായ ആഭ്യന്തര വകുപ്പ് കോടിയേരിക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചു. കോടിയേരി വഴി വി.എസ്. സര്‍ക്കാരില്‍ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ശക്തമായ നിയന്തണം കൊണ്ടുവരുമെന്നും ഇത് ഇരുവരും തമ്മിള്ള ഭിന്നത കൂടുതല്‍ വഷളാക്കുമെന്നും പലരും അടക്കംപറഞ്ഞു. പിണറായിയോട് ശക്തമായ കൂറുപുലര്‍ത്തുമ്പോഴും വി.എസിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാതെ മുന്നോട്ടുപോകുന്നതില്‍ കോടിയേരി വിജയിച്ചു. എന്നിട്ടും ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ പിണറായിയോടുള്ള വിയോജിപ്പുകള്‍ ചിലപ്പോഴൊക്കെ വി.എസ്. പരസ്യമാക്കി. 

മീഡീയാറൂമിന്റെ വിവാദമൂലയില്‍ ഉല്‍ഭവിച്ച വാക്കുകള്‍ക്ക് ചിലപ്പോഴൊക്കെ പ്രഹരശേഷി കൂടി. പാര്‍ട്ടി സെക്രട്ടറി പിണറായിയുടെയും സ്വരം പലപ്പോഴും കടുത്തു. ഇപ്രകാരം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സമാന്തരരേഖകളായി മുന്നോട്ടുപോയെ വിവിധ സന്ദര്‍ഭങ്ങള്‍. അപ്പോഴൊക്കെ പാര്‍ട്ടിക്കുപരുക്കുപറ്റാതെ നോക്കിയത് പൊതുവെ മിതഭാഷിയായ കോടിയേരിയാണ്.

കോടിയേരിയുടെ ഇടപെടലുകള്‍ ഇല്ലാതിരുന്നെങ്കില്‍ സി.പി.എമ്മിലെ വിഭാഗീയത വലിയമാനങ്ങളിലേക്ക് വളരുമായിരുന്നു,,,, പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമായിരുന്നു. നിലപാടുകളില്‍ കാര്‍ക്കശ്യമുള്ള വി.എസിനെയും പിണറായിയെയും  തന്മയത്തോടെ ഒന്നിച്ചുനിര്‍ത്തി വലിയ വിവാദങ്ങളില്ലാതെ വി.എസ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിലും കോടിയേരി വഹിച്ച പങ്ക് വളരെ വലുത്. ഭരണത്തുടര്‍ച്ചയുടെ തൊട്ടരികില്‍ വരെ എത്തിക്കുന്നതിലും.

VS Achuthanandan Pinarayi Vijayan Kodiyeri Balakrishnan CPM politics