വിസി നിയമനസമിതി: കേരള സര്‍വകലാശാലയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം

വിസി നിയമത്തിനുള്ള സേര്‍ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളസര്‍വകലാശാലയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. പ്രതിനിധിയുടെ പേര് ഇന്നറിയിക്കണമെന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തേ രണ്ടുതവണ രാജ് ഭവന്‍ ഇതേ ആവശ്യമുന്നയിച്ചെങ്കിലും സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാന്‍ നടപടിയുണ്ടായില്ല. ഈ നില തുടര്‍ന്നാല്‍ ഗവര്‍ണര്‍ രണ്ടംഗസമിതിയോട് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിച്ചേക്കും. അപൂര്‍ണമായ സേര്‍ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയില്‍ ഹര്‍ജി വന്നാല്‍ വിസി നിയമനം അനിശ്ചിതമായി നീളും. അടുത്തമാസം 24 വരെയാണ് ഇപ്പോഴത്തെ വി.സി. പ്രഫസര്‍ ഡോ. മഹാദേവന്‍ പിള്ളയുടെ കാലാവധി. 

ജൂലൈ 15ന് ചേര്‍ന്ന സെനറ്റ് യോഗം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ പ്രതിനിധിയായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പിന്മാറിയതോടെയാണ് വീണ്ടും പ്രതിസന്ധിയുണ്ടായത്. 

പകരക്കാരനെ സർവകലാശാല നൽകാത്തതിനാൽ മൂന്നംഗ സേർച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് ഗവർണർ ഓഗസ്റ്റ് അഞ്ചിനാണ് കമ്മിറ്റി രൂപീകരിച്ചത്. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ.ദേബാശിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ.ബട്ടു സത്യനാരായൺ എന്നിവരാണ് അംഗങ്ങൾ. കമ്മിറ്റിയുടെ കാലാവധി 3 മാസമാണ്. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടാം.