ഗവർണർക്കെതിരെ കടുപ്പിച്ച് സർക്കാരും സിപിഎമ്മും: 'രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചടിക്കും'

ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ടീയം പറഞ്ഞാല്‍ ഗവര്‍ണര്‍ പദവി പരിഗണിക്കാതെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സര്‍ക്കാരും ഇടതുമുന്നണിയും. ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ചാല്‍ മന്ത്രിസഭ ചേര്‍ന്ന് ബില്ലുകള്‍ ഒപ്പിടണമെന്ന് ഗവര്‍ണറോട് വീണ്ടും ശുപാര്‍ശം ചെയ്യുന്നതും സര്‍ക്കാര്‍ ആലോചനയിലാണ്. അതേസമയം ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പ്  തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടനല്‍കി ചീഫ് സെക്രട്ടറി രാജ്ഭവനില്‍ പോയതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ മാന്യത വിട്ട് ഇനിയും പെരുമാറിയാല്‍ ഇതേ നിലയില്‍ തന്നെ തിരിച്ചടിക്കാനാണ് മുഖ്യമന്ത്രിയുടെയും ഇടതുപാര്‍ട്ടികളുടെയും തീരുമാനം. ഭരണഘട പദവിയിരിക്കുന്ന വ്യക്തിക്ക് കൊടുക്കേണ്ട പരിഗണന ഇനി ആരിഫ് മുഹമ്മദ് ഖാന് നല്‍കേണ്ടതില്ലെന്ന് സിപിഎം – സിപിഐ നേതൃത്വം സൂചിപ്പിച്ചു. ബില്ലുകള്‍ രാജ്ഭവനിലുള്ളതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഗവര്‍ണറുടെ ഏക ആയുധം. എന്നാല്‍ അധികകാലം ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ചാല്‍ മറ്റു മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ആലോചന തുടങ്ങി. വീണ്ടു മന്ത്രിസഭാ യോഗം ചേര്‍ന്ന് ബില്ലുകള്‍ ഒപ്പിടണമെന്ന് അഭ്യര്‍ഥന ഗവര്‍ണര്‍ക്ക് മുന്‍പില്‍ വെയ്ക്കും. രണ്ടാമതും മന്ത്രിസഭ ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നെയും ബില്ല് ഒപ്പിടാതെ താമസിപ്പിച്ചാല്‍ രാഷ്ട്രപതിയെ സമീപിക്കാനാവും. വിഡിയോ റിപ്പോർട്ട് കാണാം:-