വിഭജനത്തില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകീട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണ്. വിഭജനത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തിളക്കത്തില്‍ രാജ്യം ആഘോഷ നിറവിലേയ്ക്ക്. സഹര്‍ഷം. സ്വാഭിമാനം. പ്രധാനമന്ത്രി നാളെ ചെങ്കോട്ടയില്‍ ദേശീയപാതക ഉയര്‍ത്തും. രാജ്യത്തെ അഭിസംബോധന ചെയ്യും. പതിനായിരം പൊലീസുകാര്‍ ചെങ്കോട്ടയില്‍ സുരക്ഷയൊരുക്കും. 7,000 അതിഥികള്‍ പങ്കെടുക്കും. ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ സുപ്രധാന കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷാവലയത്തിലാണ്. ഹര്‍ ഘര്‍ തിരംഗ പ്രചാരണം രാജ്യം അഭിമാനപൂര്‍വം നെഞ്ചേറ്റിയതോടെ നാടെങ്ങും ത്രിവര്‍ണ ലഹരിയിലാണ്. കേന്ദ്രമന്ത്രിമാര്‍ വിവിധ ഇടങ്ങളില്‍ ഹര്‍ ഘര്‍ തിരംഗ പരിപാടിയില്‍ പങ്കെടുത്തു. ഇന്ന് വിഭജന ഭീതിയുടെ സ്മരണകള്‍ രാജ്യം വേദനയോടെ പങ്കുവച്ചു. എല്ലാ വര്‍ഷവും ഒാഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 

വിഭജനത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ചരിത്രത്തിലെ ദുരന്തവേളയെ ഉള്‍ക്കരുത്തോടെ നേരിട്ടവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തെക്കുറിച്ച് അറിവില്ലാത്തവര്‍ മൂന്ന് ആഴ്ച്ചകൊണ്ട് അതിര്‍ത്തികള്‍ മാറ്റിവരച്ചുവെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി പ്രതികരിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ജിന്നയുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പങ്കുവച്ചായിരുന്നു ബിജെപിയുടെ ട്വീറ്റ്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും അതിര്‍ത്തിരക്ഷാസേനകള്‍ മധുരം കൈമാറി.