ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതി

ഇന്ത്യയുടെ 14മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തിരഞ്ഞെടുത്തു. ധൻകറിന് 528 വോട്ടുകിട്ടി. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ധൻകറിനെ അഭിനന്ദിച്ചു.  രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവും ബംഗാൾ മുൻ ഗവർണറുമായ ജഗ്ദീപ് ധൻകർ എം വെങ്കയ്യ നായ്ഡുവിന്റെ പിൻഗാമി. ഇലക്ട്രൽ കോളേജിലെ 780ൽ 725 പേർ വോട്ടു ചെയ്തു. 15 വോട്ട് അസാധുവായി. ധൻകറിന് 528 വോട്ട്. ജെഡിയു, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ കക്ഷികൾ ധൻകറിനെ പിന്തുണച്ചു. 74.36% വോട്ട് ലഭിച്ചു. വെങ്കയ്യ നായ്ഡുവിനേക്കാൾ കൂടുതൽ. 

200 വോട്ടുപോലും നേടാനാകാതെ പ്രതിപക്ഷം വൻ പരാജയം നേരിട്ടു. മാർഗരറ്റ് ആൽവയ്ക്ക് ലഭിച്ചത് 182 വോട്ട്. തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. എങ്കിലും വിമത എംപിമാരായ ശിശിർ അധികാരിയും ദിബ്യേന്ദു അധികാരിയും വോട്ടുചെയ്തു. ബിജെപിയുടെ രണ്ട് എംപിമാർ അനാരോഗ്യം മൂലം വോട്ടുചെയ്യാനെത്തിയില്ല. വെങ്കയ്യ നായ്ഡു ബുധനാഴ്ച്ച ഉപരാഷ്ട്രപദവിയിൽ നിന്ന് പടിയിറങ്ങും. വ്യാഴാഴ്ച്ച ധൻകർ സ്ഥാനമേൽക്കും.