ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

ശമനമില്ലാതെ മഴ തുടരുന്നതോടെ ഇടുക്കി ഡാമിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചു.  പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്‍റെ അളവായ അപ്പര്‍ റൂള്‍ കര്‍വിലെത്താന്‍ ഇനി ഒരു അടിയിൽ താഴെ മാത്രം. ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയാത്തത് ആശങ്കയാണ്. 

2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് എൻജീനിയർ ഉത്തരവിറക്കിയിരുന്നത്.

അധിക ജലം ഡാമിൽ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82 ശതമാനത്തിന് മുകളിൽ വെള്ളം ഇപ്പോഴുണ്ട്.സ്പില്‍വേയില്‍ 10 ഷട്ടറുകളിലൂടെ  സെക്കന്‍ഡില്‍ 2228 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍നിന്ന് ഒഴുക്കി വിടുന്നത്. 138 അടിക്ക് മുകളിൽ ആണ് ഇപ്പോഴും മുല്ലപ്പെരിയാറിലെ ജലനിരപ്പ്.