തട്ടുകടക്കാരനെ വിട്ടയച്ചതിൽ ദുരൂഹത: പിന്നിൽ സിപിഎം നേതാവുമായുള്ള അടുപ്പം?

എ.കെ.ജി സെന്‍റര്‍ ആക്രമണ സമയത്ത് അതുവഴി പോയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പാതി വഴിയിൽ അവസാനിപ്പിച്ചതിൽ ദുരൂഹത. സ്ഫോടക വസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കൃത്യമായ വിവരം ലഭിക്കും മുൻപ് വിട്ടയച്ചത്. സി.പി.എം പ്രാദേശിക നേതാവുമായുള്ള അടുപ്പമാണ് അന്വേഷണം അവസാനിപ്പിക്കാൻ കാരണമെന്നാണ് ആക്ഷേപം.  

ജൂൺ 30ന് രാത്രിയാണ് എ.കെ.ജി സെൻ്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. തൊട്ടുപിന്നാലെ തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് പേരെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. ഒന്ന് എറിഞ്ഞയാൾ. മറ്റൊന്ന് ആക്രമണത്തിന് മുൻപും പിൻപും അതുവഴി പലവട്ടം പോയ മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ. അന്വേഷണത്തിൻ്റെ രണ്ടാം ദിവസം തന്നെ ഈ സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ജനറൽ ആശുപത്രി പരിസരത്ത് തട്ടുകട നടത്തുന്ന രാജാജി നഗർ സ്വദേശിയായിരുന്നു അത്. തട്ടുകടയിലേക്ക് എ.കെ.ജി സെൻററിന് സമീപത്തെ ടാപ്പിൽ നിന്ന് വെളളം എടുക്കാനാണ് പലവട്ടം അവിടെ വന്നതെന്നായിരുന്നു മൊഴി. എന്നാൽ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് അത് കൈമാറിയത് ഇയാളാണെന്ന് അന്വേഷണ സംഘം സംശയിച്ചു. കേസിൽ രണ്ട് പ്രതികളുണ്ടെന്ന നിഗമനത്തിലേക്കും എത്തി. 

എന്നാൽ ഒന്നര ദിവസത്ത കസ്റ്റഡിക്ക് ശേഷം ഇയാളെ വിട്ടയച്ചു. പ്രാദേശിക സി.പി. എം നേതാവുമായുള്ള അടുപ്പം ചോദ്യം ചെയ്യലിൽ വ്യക്തമായ തൊട്ടെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ഇയാളെ വിട്ടയച്ചതെന്നാണ് ആക്ഷേപം. തടുകടക്കാരൻ്റെ ഫോൺ വിളി ഉൾപ്പെടെ മറ്റ് തുടർ അന്വേഷണത്തിലേക്കും പോകണ്ടന്ന നിർദേശവും പ്രത്യേക സംഘത്തിന് ലഭിച്ചു. ഇതോടെ കേസിൽ ഒരു പ്രതിയെ ഉള്ളെന്ന നിഗമനം പൊലീസ് തിരുത്തി. രണ്ടാം പ്രതിയെന്ന് കരുതിയാളെ കൃത്യമായി ചോദ്യം ചെയ്യാതെ വിട്ടയച്ചതും അയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതുമാണ് യഥാർത്ഥ പ്രതിയെ സുരക്ഷിതനാക്കിയത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണന്നും തട്ടുകടക്കാരനെ സംശയിക്കേണ്ടതില്ലെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നു പൊലീസിൻ്റെ വിശദീകരണം.