എ.കെ.ജി സെന്റര്‍ ആക്രമണക്കേസ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പ്രതികൾ

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്  സ്ഥാനാര്‍ഥിയായിരുന്ന ടി.നവ്യയേയും  പ്രതിചേര്‍ത്തു. സുഹൈലാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണസംഘം. ഒളിവിലുള്ള ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ ഒറ്റക്ക് തീരുമാനം എടുത്ത് നടത്തിയതല്ല എ.കെ.ജി സെന്റര്‍ ആക്രമണം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയേയും പ്രാദേശിക വനിതാ പ്രവര്‍ത്തകയെയും പ്രതിചേര്‍ത്തത്. സുഹൈല്‍ ഷാജഹാനും ഒന്നാം പ്രതി ജിതിനും ചേര്‍ന്ന് ഒരാഴ്ചയോളം ഗൂഡാലോചന നടത്തിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. എറിയാനുള്ള സ്ഫോടക വസ്തുവും പ്രതിക്ക് സഞ്ചരിക്കാനുള്ള സ്കൂട്ടറും ഏര്‍പ്പെടുത്തി നല്‍കിയത് സുഹൈലാണ്. 

അതിനാല്‍ സുൈഹലിനെ ആക്രമണത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്നാണ് ക്രൈംബ്രാഞ്ച് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആറ്റിപ്ര വാര്‍ഡിലെ ആര്‍.എസ്.പിക്കായി മല്‍സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു നവ്യ. ആക്രമണം നടന്ന രാത്രിയില്‍ ജിതിന് സ്കൂട്ടറെത്തിച്ച് നല്‍കിയത് നവ്യയാണ്. ആക്രമണം നടത്തി ജിതിന്‍ തിരിച്ചുവരും വരെ ഗൗരീശപട്ടത്ത് ജിതിന്റെ കാറില്‍ കാത്തിരിക്കുകയും സ്കൂട്ടര്‍ തിരികെ കൊണ്ടുപോവുകയും ചെയ്തു. അതിനാല്‍ നവ്യയ്ക്കും ഗൂഡാലോചനയില്‍ പങ്കെന്നും ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ജിതിന്‍ അറസ്റ്റിന് പിന്നാലെഒളിവില്‍ പോയ ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സുഹൈല്‍ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. അറസ്റ്റിലായ ഒന്നാം പ്രതി ജിതിന്‍ മൂന്നാഴ്ചയായി ജയിലിലാണ്

AKG Center attack case: Two more Youth Congress leaders accused