‘നീ രാഹുലിനൊപ്പം പോകൂ, അപ്പ നിർബന്ധിച്ചു..’; കുറിപ്പുമായി ചാണ്ടി ഉമ്മൻ

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റിയും കുടുംബത്തെ കുറിച്ചും അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ സജീവമായിരുന്നു. എന്നാൽ ഇതെല്ലാം തള്ളി െകാണ്ടാണ് കുടുംബവും പാർട്ടിക്കാരും ഉമ്മൻ ചാണ്ടി പിറന്നാൾ ആഘോഷമാക്കിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ചികിൽസയ്ക്കായി വിദേശത്ത് െകാണ്ടുപോകാനും തീരുമാനമായിരുന്നു. അതുവരെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണം എന്ന് വ്യക്തമാക്കി തന്നെ തിരിച്ച് അയച്ചെന്ന് തുറന്നെഴുതുകയാണ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ. മനസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതിയെന്നാണ് വ്യാജപ്രചാരണങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞതെന്നും മകൻ കുറിച്ചു. 

‘അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേയ്ക്ക് അപ്പായെ അനുഗമിയ്ക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്.’ അദ്ദേഹം കുറിച്ചു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.എസ്.അഖിലും ചാണ്ടി ഉമ്മനെ പിന്തുണച്ച് രംഗത്തെത്തി. ‘കേരള രാഷ്ട്രീയത്തിൽ എക്കാലവും നിത്യവസന്തമായ സാക്ഷാൽ ഉമ്മൻചാണ്ടി സാറിന്റെ മകനാണ് ഈ ചാണ്ടി ഉമ്മൻ. ഒരു നിയമസഭാ സീറ്റിനോ പാർലമെൻറ് സീറ്റിനോ വേണ്ടി സ്വന്തം അപ്പന്റെ ചികിത്സ നിഷേധിക്കേണ്ട ഒരു സാഹചര്യം ഈ മകന് ഉണ്ടാവില്ല കാരണം ഈ മകന്റെ അച്ഛൻ ഒന്ന് വിചാരിച്ചെങ്കിൽ അദ്ദേഹം കൊണ്ടുവന്നു വളർത്തിയ വലുതാക്കി MLA യും MP യും ആക്കിയ ചെറുപ്പക്കാർക്ക് ഒപ്പം തന്നെ നിയമസഭയിലും പാർലമെന്റിലും പ്രിയ നേതാവിന്റെ മകനും ഉണ്ടായേനെ..’– അഖില്‍ കുറിച്ചു. 

ചാണ്ടി ഉമ്മന്റെ കുറിപ്പ് വായിക്കാം: 

അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേയ്ക്ക്  അപ്പായെ അനുഗമിയ്ക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമ വാർത്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കും. തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതി. അപ്പ ഏതൊക്കെ വിഷയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്. 

കുടുംബത്തിനെതിരെ ഇപ്പോൾ വന്ന ആരോപണങ്ങൾക്കെതിരെ  നിയമനടപടികൾ തേടണം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ മനസാക്ഷിയുടെ കോടതിയിൽ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മൻ ചാണ്ടിയാണെങ്കിൽ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ ഇന്നേവരെ അനുസരിയ്ക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിർത്തിക്കൊണ്ട് ഞാൻ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണിൽ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിയ്ക്കാൻ വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കളും , ഞങ്ങൾ അറിയാതെ അപ്പയ്ക്കായ്  പ്രാർത്ഥിച്ചവരും, മനസ്സുകൊണ്ട് പ്രാർത്ഥനയിൽ മുഴുകിയവരും അങ്ങനെ എത്രയോ പേർ. എല്ലാപേരോടും കടപ്പാടുകൾ മാത്രം. ഈ വിഷയത്തെപ്പോലും  നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിയ്ക്കായ്  ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.

ജെ.എസ്.അഖിലിന്റെ കുറിപ്പ് വായിക്കാം: 

മക്കൾ രാഷ്ട്രീയ സംസ്കാരത്തിനെതിരെ ഏറെ പ്രബുദ്ധതയോട് കൂടി സംസാരിക്കുന്ന കേരള ജനതയുടെ മുന്നിൽ തികച്ചും വ്യത്യസ്തനായി രാഷ്ട്രീയ പ്രവർത്തനരംഗത്ത് മുന്നിൽ നിൽക്കുന്ന ശ്രീ ചാണ്ടി ഉമ്മനെ കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാൻ കഴിയില്ല !!!കഴിഞ്ഞ ദിവസങ്ങളിൽ ഈ ചെറുപ്പക്കാരനെ കുറിച്ച് നവമാധ്യമങ്ങളിൽ വന്ന വാർത്ത ഏറെ വേദനയുണ്ടാക്കി...

കേരള രാഷ്ട്രീയത്തിൽ എക്കാലവും നിത്യവസന്തമായ സാക്ഷാൽ ഉമ്മൻചാണ്ടി സാറിന്റെ മകനാണ് ഈ ചാണ്ടി ഉമ്മൻ. ഒരു നിയമസഭാ സീറ്റിനോ പാർലമെൻറ് സീറ്റിനോ വേണ്ടി സ്വന്തം അപ്പന്റെ ചികിത്സ നിഷേധിക്കേണ്ട ഒരു സാഹചര്യം ഈ മകന് ഉണ്ടാവില്ല കാരണം ഈ മകന്റെ അച്ഛൻ ഒന്ന് വിചാരിച്ചെങ്കിൽ അദ്ദേഹം കൊണ്ടുവന്നു വളർത്തിയ വലുതാക്കി MLA യും MP യും ആക്കിയ ചെറുപ്പക്കാർക്ക് ഒപ്പം തന്നെ നിയമസഭയിലും പാർലമെന്റിലും പ്രിയ നേതാവിന്റെ മകനും ഉണ്ടായേനെ...

യുവജന രാഷ്ട്രീയത്തിൽ കൃത്യമായ ബോധ്യത്തോടുകൂടി സാമൂഹിക പ്രതിബദ്ധതയോട്കൂടി കേരളത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും സംഘടനാ പ്രവർത്തനത്തിന്റെ ആത്മാർത്ഥത തന്റെ പ്രവർത്തന ശൈലികൊണ്ട് പലപ്പോഴായി വരച്ചുകാട്ടിയ വ്യക്തിത്വമാണ് ഏറെ പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ.

ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്നില്ലെങ്കിൽ തളർച്ച വരുന്ന പ്രിയ നേതാവിന്റെ മകന് ഫുൾ സ്റ്റോപ്പ് ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഓടി അലഞ്ഞില്ലെങ്കിൽ മനസ്സമാധാനം ഉണ്ടാകില്ല.കാരണം ഉമ്മൻചാണ്ടിയുടെ ജീനാണ് ചാണ്ടിയുടെ ഹൃദയത്തിലുള്ളത് !!!ഒരു ചെറുപ്പക്കാരൻ അനുഭവിക്കുന്ന ത്യാഗവും സഹിഷ്ണുതയും അവന്റെ കുറവായി ഒരിക്കലും കാണരുത്. തന്നെ ദ്രോഹിക്കുന്നവരെ പോലും തിരിച്ച് ദ്രോഹിക്കണമെന്ന് ഒരു ചിന്തയില്ലാത്ത ഈ ചെറുപ്പക്കാരനെ വേട്ടയാടുന്നത് ഇനിയും നിർത്തിക്കൂടെ ?ഇന്ന് അദ്ദേഹം വീണ്ടും ജോഡോ യാത്രയുടെ ഭാഗമായി പോവുകയാണ് വെറുതെ ഇരിക്കാൻ അദ്ദേഹത്തിന്റെ പിതാവ് അനുവദിക്കുന്നില്ല...തുടങ്ങിവച്ച ദൗത്യം ചികിത്സയ്ക്കുവേണ്ടി ജർമ്മനിയിലേക്ക് പോകുന്ന തലേദിവസം വരെ എങ്കിലും ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്ന സ്വന്തം അപ്പയുടെ നിർദ്ദേശം ഒന്നുകൊണ്ട് മാത്രം ഈ ചെറുപ്പക്കാരൻ വീണ്ടും നടക്കുകയാണ്...

പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ..നിങ്ങൾ ആരാണെന്നും,എന്താണെന്നും, നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും ഈ കേരളം ഒരിക്കൽ തിരിച്ചറിയും...ഇത് ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ്.