തൃണമൂലിന്റെ തീരുമാനം നിരാശാജനകം; വിമർശിച്ച് മാർഗരറ്റ് ആൽവ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ. തൃണമൂലിന്റെ തീരുമാനം നിരാശാജനകമാണെന്നും അനാവശ്യ വാശിക്കുള്ള സമയമല്ലിതെന്നും മാർഗരറ്റ് ആൽവ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകണം. മമത തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ആൽവ ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചപ്പോൾ മമതയുടെ പിന്തുണ ഉണ്ടാകുമെന്നാണ് വിവിധ കക്ഷി നേതാക്കൾ പറഞ്ഞിരുന്നത്. അടുത്തമാസം ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.