നടി കേസ്: വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്നു അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിധിയിൽ ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കുന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടാകാമെന്നാണ് ദിലീപിന്റെ വാദം. 

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ പരിശോധന വേണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ വിധി. ഈ ഉത്തരവിൽ  ഇടപെടണമെന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ വിചാരണ കോടതിക്ക് തെറ്റുപറ്റി. വിചാരണ കോടതിക്ക് തെറ്റ് പറ്റിയാൽ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്കുണ്ട്. നീതിപൂർവമായ അന്വേഷണവും വിചാരണയും തന്റെ അവകാശമാണെന്നും അതിജീവിത കോടതിയിൽ വാദിച്ചു. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കുന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടാകാമെന്നായിരുന്നു ദിലീപിന്റെ വാദം. 

മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കുന്നത് അന്വേഷണം വൈകിപ്പിക്കല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ പരിശോധനയ്ക്ക് മൂന്നുദിവസം മതിയെന്നും, ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.  വാദം പൂർത്തിയായതോടെ ഹർജി വിധി പറയാനായി മാറ്റി.